കോട്ടയം: എലിക്കുളം നാട്ടുചന്തയുടെ പ്രവർത്തനം രണ്ടു വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ ഇന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ജോസ് മോൻ മുണ്ടക്കൽ, കൃഷി അസിസ്റ്റന്റ് ഡയറകടർ ലെൻസി തോമസ്, കൃഷി ഓഫീസർ നിസ ലത്തീഫ് എന്നിവർ പങ്കെടുക്കും.
കോവിഡ് കാലത്ത് കാർഷിക മേഖലയിലെ പല വിപണികളും താല്ക്കാലികമായി അടച്ചുപൂട്ടിയെങ്കിലും എലിക്കുളം നാട്ടു ചന്തയുടെ പ്രവർത്തനം ഒരു ഘട്ടത്തിലും നിലച്ചില്ല. ഗ്രാമപഞ്ചായത്തിൻ്റെയും കൃഷി വകുപ്പിൻ്റെയും മേൽനോട്ടത്തിൽ എലിക്കുളം തളിർ പച്ചക്കറി ഉത്പാദക സംഘമാണ് നാട്ടു ചന്ത നടത്തുന്നത്. മേഖലയിലെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ദൂരെയുള്ള വിപണികളെ ആശ്രയിക്കാതെ വിറ്റഴിക്കാനുള്ള അവസരമാണ് കുരുവിക്കൂട് കേന്ദ്രമാക്കി എല്ലാ വ്യാഴാഴ്ച്ചയും പ്രവർത്തിക്കുന്ന നാട്ടുചന്ത തുറന്നു നൽകിയത്.
രാവിലെ ഏഴു മുതൽ കർഷകരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ സ്വീകരിച്ചു തുടങ്ങും. പത്തു മണി മുതൽ പരസ്യ ലേലത്തിലൂടെയാണ് വിൽപ്പന. ഒരാഴ്ചയിലെ ഉത്പ്പന്നങ്ങളുടെ വില അടുത്തയാഴ്ച തന്നെ കർഷകർക്ക് നൽകും. വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സാബിച്ചൻ പാംപ്ലാനിയിൽ, ജിബിൻ വെട്ടം, മോഹനകുമാർ കുന്നേൽ കരോട്ട് , രാജു അമ്പലത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കർഷകരുടെ കൂട്ടായ്മയാണ് നാട്ടു ചന്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.