റെഡ് സോണിലും വാക്സിൻ വിതരണ കേന്ദ്രത്തിൽ വൻ തിരക്ക്, 60 വയസ്സിനു മുകളിലുള്ളവർക്കുള്ള മുൻഗണനാ വാക്സിൻ വിതരണം പാളി.


എരുമേലി: കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ കോവിഡ് വിതരണ കേന്ദ്രങ്ങളായി മാറുന്നു എന്നതിൽ സംശയമില്ലാതായിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ ഉയർന്നു നിൽക്കുന്ന റെഡ് സോണിലായ കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി ഗവണ്മെന്റ് ആശുപത്രിയിൽ തിങ്കളാഴ്ച്ച അനുഭവപ്പെട്ടത് വൻ ജനത്തിരക്ക്. ഭൂരിഭാഗം ദിവസങ്ങളിലും ഈ കേന്ദ്രത്തിൽ ഇതുതന്നെയാണ് അവസ്ഥ.

മറ്റു രോഗങ്ങൾക്കായി മരുന്ന് വാങ്ങാൻ ആശുപത്രിയിൽ എത്തുന്നവർ ടോക്കൺ എടുക്കാൻ നിൽക്കുന്നതും കോവിഡ് പരിശോധനയ്ക്കായി ആളുകൾ എത്തുന്നതും വാക്സിൻ സ്വീകരിക്കാനായി ജനങ്ങൾ നിൽക്കുന്നതും ഒരേ സ്ഥലത്തു തന്നെയാണ്. ഇതോടെ ഇവിടെ നിൽക്കുന്ന ജനങ്ങളുടെ എണ്ണം കൂടുന്നു. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോ ക്രമീകരണങ്ങളോ ഏർപ്പെടുത്താത്തതാണ് ഇതിനു കാരണമെന്ന് ജനങ്ങളും ആരോപിക്കുന്നു. ഓൺലൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസിനായി ബുക്ക് ചെയ്തവരും ആശുപത്രിയിൽ നിന്നും അറിയിച്ചതനുസരിച്ച് രണ്ടാം ഡോസിനായി എത്തിയവരും കൂടാതെ ഗ്രാമപഞ്ചായത്ത് പരിധിയിലെ 60 വയസ്സിനു മുകളിലുള്ള ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഒരു വാർഡിലെ 20 പേർക്ക് വീതം ആശാവർക്കർമാരുടെ നിർദ്ദേശ പ്രകാരവും വാക്സിൻ സ്വീകരിക്കാൻ എത്തിയിരുന്നു.

എന്നാൽ കേന്ദ്രത്തിൽ ഉച്ചയോടെ വാക്സിൻ തീർന്നതായി അറിയിപ്പ് നൽകുകയായിരുന്നു 200 പേർക്കോളാം മാത്രമാണ് ഇന്നലെ വാക്സിൻ വിതരണം ചെയ്തത്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ 23 വാർഡുകളുള്ള എരുമേലിയിൽ ഓരോ വാർഡിൽ നിന്നും ആശാവർക്കർമാരുടെ നിർദ്ദേശപ്രകാരം 60 വയസ്സിനു മുകളിൽ പ്രായമുള്ള 20 പേർ വീതവും എത്തിയിരുന്നു. വാക്സിൻ ലഭിക്കാതെ വന്നതോടെ തിക്കും തിരക്കും തർക്കങ്ങളുമായി. റെഡ് സോണിലായ എരുമേലിയിൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളും ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പാലിക്കാതെ ജനങ്ങൾ തിങ്ങിക്കൂടുകയായിരുന്നു.

പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളും കൃത്യമായ ക്രമീകരണങ്ങളുമില്ലാത്തതാണ് ഇതിനു കാരണമെന്നാണ് ആരോപണം. മിക്ക ദിവസങ്ങളിലും ആരോഗ്യ പ്രവർത്തകരുമായി ഈ കേന്ദ്രത്തിൽ തർക്കം പതിവാണ്. എരുമേലിയുടെ മലയോര മേഖലകളിൽ നിന്നും പ്രായമായവർ അറിയിപ്പ് ലഭിച്ചതനുസരിച്ച് ഇന്നലെ വാക്സിൻ സ്വീകരിക്കാനായി എത്തിയിരുന്നു. വാഹന സൗകര്യം ഇല്ലാത്തതിനാൽ ടാക്സി വാഹനങ്ങളിൽ എത്തിയവരും ഏറെയാണ്. മണിക്കൂറുകൾ നിന്നെങ്കിലും വാക്സിൻ ലഭിക്കാതെ വന്നതോടെ പലരും മടങ്ങുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കിയെങ്കിലും പരാതികളുടെ പ്രളയമായിരുന്നു. വാക്സിൻ വിതരണ കേന്ദ്രത്തിൽ തർക്കങ്ങൾ പതിവായതോടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. വാക്സിൻ വിതരണത്തിൽ കൃത്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. വാക്സിൻ വിതരണം വാർഡ് തലത്തിൽ നടത്തണമെന്നും ആവശ്യമുയരുന്നു.