കോട്ടയം: ഓണ്‍ലൈനിലേക്ക് ഒതുങ്ങിയ ക്ലാസ് മുറികളില്‍നിന്ന് മുട്ടുചിറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും സ്നേഹ മധുരവുമായി കുട്ടികളുടെ വീടുകളിലെത്തി. സ്കൂളില്‍നിന്നുള്ള പലഹാര വണ്ടി വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ളാദ നിമിഷങ്ങള്‍ സമ്മാനിച്ചു.
ഹെഡ്മാസ്റ്റര്‍ കെ. പ്രകാശനും, പി.ടി.എ പ്രസിഡൻ്റായ ഇ.വി ജോഷിയും സ്കൂളിലെ 59 വിദ്യാർഥികളുടെ വീട്ടിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പലഹാര പാക്കറ്റുകള്‍ നേരിട്ട് എത്തിക്കുകയായിരുന്നു.കുട്ടികളുടെ നിലവിലെ സ്ഥിതിയും ഓണ്‍ലൈന്‍ ക്ലാസിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും അറിയുന്നതിനും കോവിഡ് ബോധവത്കരണത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. ഏറെ സന്തോഷത്തോടെ പലഹാരപ്പൊതികള്‍ സ്വീകരിച്ച കുട്ടികളില്‍ പലരും ക്ലാസ് മുറികളില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ കഴിയാത്തതിലെ വിഷമം പങ്കുവച്ചു.
കോവിഡ് വ്യാപനം പൂര്‍ണമായും അവസാനിക്കുന്നതുവരെ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ അനിവാര്യത ഹെഡ്മാസ്റ്റര്‍ അവരോട് വിശദമാക്കി. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ പലഹാരപ്പൊതിയുടെ മുകളിലും പതിച്ചിരുന്നു.പലഹാരവണ്ടിയുടെ ഫ്ലാഗ് ഓഫ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സുനിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈനമ്മ ഷാജു, കടുത്തുരുത്തി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അഞ്ച് മൊബൈല്‍ ഫോണുകളും ഒരു എല്‍.ഇ.ഡി ടെലിവിഷനും നേരത്തെ നല്‍കിയിരുന്നു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും ജാഗ്രതാ സമിതികള്‍ക്കും സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയര്‍ സെന്‍ററിലേക്കും കടുത്തുരുത്തിയിലെ സി.എഫ്.എല്‍.ടി.സിയിലേക്കും പള്‍സ് ഓക്സി മീറ്ററുകളും ലഭ്യമാക്കിയതായി ഹെഡ്മാസ്റ്റര്‍ പറഞ്ഞു.