കോട്ടയം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷമുള്ള സമയത്തും തിരക്കിലാണ് ജില്ലയിലെ ഹരിത വിദ്യാലയങ്ങളിലെ കുട്ടികള്‍. ജലസംരക്ഷണം, കൃഷി, മാലിന്യസംസ്‌ക്കരണം തുടങ്ങി വീടിനും നാടിനും പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കുവാനുമുള്ള ശ്രമത്തിലാണ് ഇവര്‍.
ഹരിത കേരളം വിദ്യാര്‍ഥികളിലൂടെ എന്ന പദ്ധതിയിലൂടെ ഹരിത കേരളം മിഷനാണ് കുട്ടികള്‍ക്ക് വഴികാട്ടുന്നത്. ടെറസ് കൃഷി, അടുക്കളത്തോട്ടം, വൃക്ഷത്തൈ നടീലും പരിചരണവും, കമ്പോസ്റ്റ് നിര്‍മാണം, മഴക്കുഴി നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ് എന്നിങ്ങനെ വിദ്യാർഥികൾക്ക് വീട്ടിലും പരിസരത്തും ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിലെ 32 ഹരിത വിദ്യാലയങ്ങളിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 500ഓളം വിദ്യാര്‍ഥികൾ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. പള്ളം, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, വൈക്കം, കോട്ടയം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ പരിശീലനം പൂർത്തിയായി