ഗൃഹാതുരത്വത്തിന്റെ സ്മരണകളിൽ ജന്മനാട്ടിൽ കളക്ടറായതിന്റെ സന്തോഷം പങ്കുവെച്ചു ഡോ.പി കെ ജയശ്രീ.


കോട്ടയം: കോട്ടയത്തിന്റെ പുതിയ ജില്ലാ കലക്ടറായി ഡോ. പി കെ ജയശ്രീ ബുധനാഴ്ച സ്ഥാനമേൽക്കും. ജില്ലയുടെ 47-ാമത് കളക്ടറാണ് ജയശ്രീ. ഗൃഹാതുരത്വത്തിന്റെ സ്മരണകളിൽ ജന്മനാട്ടിൽ കളക്ടറായതിന്റെ സന്തോഷത്തിലാണ് ഡോ.പി കെ ജയശ്രീ. വൈക്കം ഉദയനാപുരത്ത് പുഴക്കര വീട്ടിൽ പി.എൻ.കൃഷ്ണൻകുട്ടിനായരുടെയും പി.എം.രാധാമണിയുടെയും മകളാണ് ജയശ്രീ. പിതാവിന്റെ ജോലി സ്ഥലം തൃശ്ശൂരിൽ ആയതിനാൽ പഠിച്ചതും വളർന്നതുമെല്ലാം തൃശ്ശൂരിൽ ആയിരുന്നു. കോട്ടയത്ത് ഡെപ്യൂട്ടി കളക്ടറായും ചങ്ങനാശേരി താലൂക്ക് ഓഫീസറായും തഹസിൽദാരായും സേവനമനുഷ്ഠിച്ചിട്ടുള ജയശ്രീക്ക് കോട്ടയത്തിന്റെ മേഖലകൾ കൂടുതൽ പരിചിതമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കോവിഡിനെതിരെ വിജയകരമായ മാതൃക തീർത്ത ജില്ലയാണ് കോട്ടയം എന്നും ജയശ്രീ പറഞ്ഞു.  ഡോ. ജയശ്രീ 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാസര്‍കോട്  റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായും തൃശൂരില്‍ ഡെപ്യൂട്ടി കളക്ടറായും ഡോ. ജയശ്രീ സേവനമനുഷ്ടിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ജയശ്രീ കോട്ടയത്തിന്റെ 47 മത് ജില്ലാ കലക്ടറായാണ് ചുമതലയേൽക്കുന്നത്. മികച്ച ഡെപ്യൂട്ടി കളക്ടറെന്ന ബഹുമതി കാസര്‍കോട്ടെയും തൃശൂരിലെയും സേവനത്തിനു ജയശ്രീയെ തേടി എത്തിയിട്ടുണ്ട്. സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.