കോവിഡ് വ്യാപനം: കോട്ടയം ജില്ലയിൽ പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹർഷിത അത്തല്ലൂരിക്ക് പ്രത്യേക ചുമതല.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദക്ഷിണ മേഖലാ ഐജി ഹർഷിത അത്തല്ലൂരിക്ക് പ്രത്യേക ചുമതല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്ത്  പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐപിഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു.

വ്യാഴാഴ്ച ഈ സംവിധാനം നടപ്പിൽ വരും. പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹർഷിത അത്തല്ലൂരിക്കുമാണ് ചുമതല. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ കൊല്ലത്തും എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്ത ആലപ്പുഴയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

തൃശ്ശൂർ റേഞ്ച് ഡിഐജി എ  അക്ബറിന് മലപ്പുറത്തെയും കണ്ണൂർ റേഞ്ച് ഡി ഐ ജി കെ സേതുരാമന് കാസർകോടിന്റെയും ചുമതല ആയിരിക്കും ഉണ്ടാവുക. ജില്ലകളിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്ന ഓഫീസർമാർ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കാൻ നടപടി സ്വീകരിക്കും.