വാരാന്ത്യ ലോക്ക് ഡൗൺ: ജില്ലയിൽ കർശന നിയന്ത്രണങ്ങൾ, അവശ്യ സേവനങ്ങൾക്കും സർവ്വീസുകൾക്കും മാത്രം അനുമതി; ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് നിയന്ത്രണത്തിന്റെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി സംസ്ഥാനത്ത് ശനി,ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ക് ഡൗണിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു. കോട്ടയം ജില്ലയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി നടപ്പിലാക്കുകയും ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. ഒരു ഘട്ടത്തിൽ 500 നു താഴെ എത്തിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ശനി,ഞായർ ദിവസങ്ങളിൽ ജില്ലയിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ:

*അടിയന്തര അവശ്യ സർവ്വീസിൽപ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ഓഫീസുകൾക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാവുന്നതാണ്. 

*അടിയന്തര അവശ്യ സർവ്വീസുകളിൽപ്പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും, മേൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

*അവശ്യസാധനങ്ങൾ (പലചരക്ക്), പഴം പച്ചക്കറി കടകൾ, പാൽ ഉല്പാദന വിതരണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ടി വ്യാപര സ്ഥാപനങ്ങൾ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറ്റ് വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി  ഉണ്ടായിരിക്കുന്നതല്ല.

*ഹോട്ടലുകൾ പാഴ്സലുകൾക്കും ഹോം ഡെലിവറിയ്ക്കുമായി മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർ ത്തിക്കാവുന്നതാണ്.

*ദീർഘദൂര ബസ് സർവ്വീസുകൾ, പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ പൊതു യാത്രാ വാഹനങ്ങൾ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

*രോഗികൾ അവരുടെ സഹായികൾ, വാക്സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. 

*കോവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു. വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്. 

*ലോക്ക്ഡൗൺ കാലയളവിൽ അനുവദനീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമാ സൈറ്റ് എൻജിനീയേഴ്സ് / സൂപ്പർവൈസർമാർ എന്നിവർക്ക് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയിൽ കാർഡോ അതാത് സ്ഥാപനങ്ങൾ നൽകിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേയ്ക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാവുന്നതാണ്. ഈ ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങേണ്ടതാണ്.