ഹോമിയോപ്പതിയുടെ പ്രഥമ ദേശീയ പ്രസിഡന്റ് ആയി കോട്ടയം കിടങ്ങൂർ സ്വദേശി ഡോ. കെ ആർ ജനാർദനൻ നായർ നിയമിതനായി.


കിടങ്ങൂർ: ഹോമിയോപ്പതിയുടെ പ്രഥമ ദേശീയ പ്രസിഡന്റ് ആയി കോട്ടയം കിടങ്ങൂർ സ്വദേശി. കിടങ്ങൂർ സ്വദേശിയും മാർ സ്ലീവാ മെഡിസിറ്റി പാലാ ഹോമിയോപ്പതി വിഭാഗം സീനിയർ കൺസൽട്ടൻറ് ആയ ഡോ. കെ ആർ ജനാർദനൻ നായർ ആണ് ഹോമിയോപ്പതിയുടെ റെഗുലേറ്ററി ബോഡിയായ നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ അസ്സെസ്സ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് ഫോർ ഹോമിയോപ്പതിയുടെ പ്രഥമ പ്രസിഡന്റായി നിയമിതനായിരിക്കുന്നത്. പുതിയ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി നൽകുക, മിനിമം മാനദണ്ഡങ്ങൾ പാലിക്കുന്നത്തിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നടപ്പിൽ വരുത്തുകയുമാണ് അസസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡിന്റെ ചുമതല. അതോടൊപ്പം ഹോമിയോപ്പതി എഡ്യൂക്കേഷൻ ബോർഡ്, ബോർഡ് ഓഫ് എത്തിക്സ് എന്നിവയാണ് മറ്റു രണ്ടു ബോർഡുകൾ. ഇവ മൂന്നും ഉൾപ്പെടുന്ന നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയിൽ ചെയർപേഴ്സൺ, മൂന്നു ബോർഡുകളുടെയും പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടെ ഇരുപത് അംഗങ്ങളാണുള്ളത്. 1979 ൽ ആതുരാശ്രമം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും DHMS ഉം യൂണിവേഴ്സിറ്റി ഓഫ് പുണെയിൽ നിന്ന് BHMS ഉം, DKMM ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഔറംഗബാദിൽ നിന്ന് MD (Hom), കാലിക്കറ് യൂണിവേഴ്സിറ്റിയിൽ നിന്നും MHA എന്നിവയും പൂർത്തിയാക്കിയ ഡോ. ജനാർദനൻ നായർക്ക് 42 വർഷത്തെ ചികിത്സാപരിചയമുണ്ട്. ഭാരത സർക്കാർ ആയുഷ് മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ക്ലിനിക്കൽ ഗവേഷണ പ്രോജക്ടുകളിൽ പ്രവർത്തിച്ച ഇദ്ദേഹം കോട്ടയം നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്തിന്റെഓഫിസർ ഇൻ ചാർജ് ആയും പ്രിൻസിപ്പൽ ആയും പ്രവർത്തനമനുഷ്ടിച്ചിട്ടുണ്ട്. വിവിധ പിയർ റിവ്യൂഡ് ജേണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം നിരവധി ദേശീയ അന്തർദ്ദേശീയ സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും വിദഗ്ധ ഫാക്കൽറ്റിയായി പങ്കെടുത്തിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള മാനസികരോഗ ചികിത്സയിലും ക്ലിനിക്കൽ ഗവേഷണത്തിലും ഡോ. ജനാർദനൻ നായർ പ്രാവീണ്യം നേടിയിട്ടുണ്ട്. വിവിധ സ്പെഷ്യലിറ്റി, സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളോടൊപ്പം ഹോമിയോപ്പതി, ആയുർവേദ ചികിത്സകളും ലഭ്യമായ മാർ സ്ലീവ മെഡിസിറ്റി പാലായുടെ ഹോമിയോപ്പതി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം എഡിഎച്ച്ഡി, ഓട്ടിസം, സ്വഭാവവൈകല്യങ്ങൾ, കുട്ടികളുടെ പഠനവൈകല്യം, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ ശിശുരോഗ ചികിത്സകളിൽ പ്രാഗൽഭ്യം നേടിയിട്ടുണ്ട്. കേരള ഹോമിയോ ശാസ്ത്രവേദി ഡോ. സാമുവൽ ഹാനിമാൻ ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. ഡോ. ജനാർദ്ദനൻ നായർക്ക് എംഎൽഎയുടെ നേതൃത്വത്തിൽ കിടങ്ങൂരിൽ പൗര സ്വീകരണം നൽകി. ഹോമിയോപ്പതി ചികിത്സാരംഗത്ത് ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ കേരളത്തിലേക്ക് അനുവദിക്കുന്നതിനും അതിന്റെ നിർവ്വഹണ ചുമതല കിടങ്ങൂർ പ്രദേശത്തിന് ലഭ്യമാക്കാനും ഡോ. ജനാർദ്ദനൻ നായരുടെ പുതിയ സ്ഥാനലബ്ധി ഉപകരിക്കട്ടെയെന്ന് മോൻസ് ജോസഫ് എംഎൽഎ ആശംസിച്ചു. കേരള ഹോമിയോ ശാസ്ത്രവേദിയുടെ അനുമോദനം ജൂലൈ 18 രാവിലെ 10 മണിയ്ക്ക് കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. സഹകരണവകുപ്പ് മന്ത്രി വി. എൻ. വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും.