കോട്ടയം: ജർമ്മനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ സംസ്കാരം നാളെ. കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിനി പൂഴിക്കോൽ മുടക്കാമ്പുറത്ത് ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകളായ നികിത ബെന്നി(22)യെ ആണ് ഈ മാസം ആദ്യം ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 9 മണിക്ക് മൃതദേഹം വീട്ടിൽ എത്തിക്കും. രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കീഴൂർ മൌന്റ്റ് കാർമ്മൽ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.
ജർമ്മനിയിലെ കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് വിദ്യാർത്ഥിനിയായിരുന്നു നികിത. നികിതയെ കാണാഞ്ഞതിനെ തുടർന്ന് ഹോസ്റ്റലിൽ അന്വേഷിച്ചു എത്തിയ സുഹൃത്തുക്കളാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.