സംസ്ഥാന സർക്കാരിന്റെ 100 ദിന കര്‍മപരിപാടി; കോട്ടയത്ത്‌ 1000 ലൈഫ് വീടുകള്‍ പൂര്‍ത്തീകരിക്കും.


കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി 2021 സെപ്റ്റംബര്‍ 15 നകം ജില്ലയില്‍ ലൈഫ് മിഷന്‍റെ 1000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. ലൈഫ് മിഷന്‍ ജില്ലാതല അവലോകന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഭൂമിയുള്ള ഭവന രഹിതര്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ടം, മൂന്നാംഘട്ടത്തിലെ ഭൂരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂമി ലഭിച്ചവര്‍, പട്ടികജാതി-പട്ടികവര്‍ഗ- മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായുള്ള വീടുകളാണ് പൂര്‍ത്തീകരിക്കുന്നത്.

രണ്ടാംഘട്ടം- 4165, മൂന്നാം ഘട്ടം- 555, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗക്കാരുടെ അഡീഷണല്‍ ലിസ്റ്റ്-34 എന്നിങ്ങനെയാണ് ഇതുവരെ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം. ശേഷിക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, സെക്രട്ടറി, ലൈഫ് നോഡല്‍ ഓഫീസര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി പ്രതിമാസ ലക്ഷ്യം നിശ്ചയിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തും.

ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ലൈഫ് മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു.