ഒത്തൊരുമയും കൂട്ടായ പരിശ്രമവുമാണ് കോട്ടയത്തിന്റെ പ്രതിരോധ വിജയ മുഖമുദ്ര; എം അഞ്ജന.


കോട്ടയം: ഒത്തൊരുമയും കൂട്ടായ പരിശ്രമവുമാണ് കോട്ടയത്തിന്റെ പ്രതിരോധ വിജയ മുഖമുദ്ര എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിച്ചു. ഒരു സമയത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നിരുന്ന ജില്ലയിൽ ചിട്ടയാർന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോവിഡ് വ്യാപനം വരുതിയിലാക്കാൻ സാധ്യമായതെന്നു കളക്ടർ പറഞ്ഞു. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പൂർണ്ണ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായി. വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമമാണ് കോട്ടയത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്ക് വഹിച്ചത്. ആരോഗ്യ വകുപ്പും,തദ്ദേശ സ്ഥാപനങ്ങളും, ജനപ്രതിനിധികളുമടക്കം എല്ലാവരും കോവിഡ് പ്രതിരോധത്തിനായി ജില്ലയിൽ പ്രധാന പങ്ക് വഹിച്ചു. സംസ്ഥാനത്ത് തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോട്ടയം മാതൃകയായി. സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലയിലാണ് ഓക്സിജൻ പാർലർ സംവിധാനം സജ്ജമാക്കിയത്. ഏറ്റവും കൂടുതൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ സജ്‌ജമാക്കിയതും കോട്ടയത്താണ്. കോവിഡ് പ്രതിരോധം, ചികിത്സ, ബോധവത്കരണം എന്നിവയില്‍ വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച ഒരു വര്‍ഷക്കാലത്തെ സേവനത്തിനുശേഷമാണ് കോട്ടയം ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും എം. അഞ്ജന പടിയിറങ്ങുന്നത്. ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും കോവിഡ് സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കും പിന്തുണ നല്‍കുന്നതിനായി  നടപ്പാക്കിയ പ്രത്യേക കാമ്പയിനുകള്‍ ഏറെ ശ്രദ്ധ നേടി. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കാന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട്, എം.പി-എം.എല്‍.എ ഫണ്ടുകള്‍, സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് എന്നിവ ഇതിനായി പ്രയോജനപ്പെടുത്തി. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും  സഹകരണത്തോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഒരുക്കി. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഓക്‌സിജന്‍ വാര്‍ റൂം സജ്ജമാക്കിയതിനൊപ്പം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ തത്സമയ വിവരം ലഭ്യമാക്കുന്നതിന് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നു. കോവിഡ് രോഗികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍, ക്വാറന്റയിനില്‍ ഇരിക്കുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇത് വിശകലനം ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള ഡി.എം.എസ് ആപ്ലിക്കേഷനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് മൊബൈലിലേക്ക് നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള സംവിധാനവും ജില്ലയില്‍  വികസിപ്പിച്ചതാണ്. എല്ലാ വിഭാഗം ആളുകളുടെയും സഹകരണമാണ് കോവിഡ് പ്രതിരോധവും ചികിത്സാ സംവിധാനവും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകമായതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് പൊതുജനങ്ങളും വ്യാപാരികളും വിവിധ സമൂദായ പ്രതിനിധികളും വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും   ജാഗ്രത കാട്ടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളുമൊക്കെ ഇപ്പോഴും സേവനത്തില്‍ സജീവമാണ്. ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരു ഘട്ടത്തില്‍ ഗണ്യമായി താഴ്‌ന്നെങ്കിലും രോഗവ്യാപനം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനപ്പുറം ഓരോരുത്തരും സ്വയം നിയന്ത്രിക്കാനും ജാഗ്രത പാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട് എന്നും എം അഞ്ജന പറഞ്ഞു. കോവിഡ് ഒന്നാം തരംഗം പിടി മുറുക്കിയ സമയത്താണ് ജില്ലാ കളക്ടറായിരുന്ന പി കെ സുധീർ ബാബു വിരമിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എം അഞ്ജന കോട്ടയം ജില്ലാ കലക്ടറായി എത്തുന്നത്. രോഗബാധിതരുടെ എണ്ണം കൂടുതൽ ആയിരുന്ന കോട്ടയത്ത് എത്തിയ അഞ്ജനയ്ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയും കോവിഡ് പ്രതിരോധം തന്നെയായിരുന്നു. 2020 ജൂൺ 3 നാണു കോട്ടയം ജില്ലാ കലക്ടറായി എം അഞ്ജന സ്ഥാനമേറ്റത്. കോട്ടയം ജില്ലയുടെ 46-ാമത് കളക്ടറായി ചുമതലയേറ്റ എം അഞ്ജന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കോട്ടയത്തിനൊപ്പം ജില്ലയെ മുന്നിൽ നിന്ന് നയിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, പൊതു ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് പുതിയ നിയമനം.