മീറ്റ് ദ മിനിസ്റ്റർ പരിപാടി: സംരംഭകർക്കൊപ്പം നിന്ന് വ്യവസായ മന്ത്രി, സതീഷിന് സബ്സിഡിയായി ലഭിച്ചത് 10.88 ലക്ഷം രൂപ, റോയി ജോസഫിന് 11.89 ലക്ഷം രൂപയും.


കോട്ടയം: വ്യവസായ മന്ത്രി പി. രാജീവിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ വയലാ സ്വദേശി സതീഷ് അഗസ്റ്റിന് സബ്സിഡി ഇനത്തില്‍ ലഭിച്ചത് 10,88,774 രൂപ. രണ്ടു വർഷം മുൻപാണ് സതീഷ് കടപ്ലാമറ്റം പഞ്ചായത്ത് ഒൻപതാം വാർഡിൽ ക്ലെൻ സോ ഹൈജീൻ സൊല്യൂഷൻസ് എന്ന പേരിൽ ഡിറ്റർജൻ്റ് കമ്പനി ആരംഭിച്ചത്.

എൻ്റപ്രണർ സപ്പോർട്ട് പദ്ധതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജില്ലാ  വ്യവസായ കേന്ദ്രത്തിൽ നിന്നും സബ്സിഡി അനുവദിച്ചത്. സോപ്പ് പൊടി, ബാർ സോപ്പ്, ക്ലീനിംഗ് ലോഷൻസ്, ഡിഷ് വാഷ് ബാർ എന്നിവയാണ് സ്ഥാപനം പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ആറ് പേരാണ് ജോലി ചെയ്യുന്നത്. സംരംഭത്തിന് സഹായം തേടി സതീഷ്, കോട്ടയത്തെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ എത്തി.എൻ്റപ്രണർ സപ്പോർട്ട് പദ്ധതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ജില്ലാ  വ്യവസായ കേന്ദ്രത്തിൽ നിന്നും സതീഷിന് സബ്സിഡിയായി 10.88 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. നവസംരംഭകർക്കായുള്ള സഹായം ലഭിക്കുന്നതിനാണ് പാലാ ചേർപ്പുങ്കൽ കാരുണ്യ എൻ്റർപ്രൈസസ് അപേക്ഷ നൽകിയത്. വ്യവസായ വകുപ്പിന്റെ എന്റർപ്രണർ സപ്പോർട്ട് സ്കീമിൽ നിക്ഷേപ സഹായമായി 11,89,052 രൂപ അനുവദിച്ചു കൊണ്ടുള്ള കത്ത് സ്ഥാപനത്തിന്‍റെ നിക്ഷേപകരിൽ ഒരാളായ റോയി ജോസഫിന് വ്യവസായ മന്ത്രി പി. രാജീവ് കൈമാറി. മൂലധനത്തിൻ്റെ 20 ശതമാനമാണ് സബ്സിഡിയായി നൽകുന്നത്. 2018 ഓഗസ്റ്റിലാണ് നിക്ഷേപ സഹായത്തിന് കാരുണ്യ എൻ്റർപ്രൈസസ് അപേക്ഷ നൽകിയത്. അന്ന് നോൺ വൂവൺ കാരി ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനമായിരുന്നു. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സ്ഥാപനം പ്രതിസന്ധിയിലായി. യന്ത്രങ്ങൾ ചെറിയ തോതിൽ പരിഷ്കരിച്ച് സ്ഥാപനം ഒരു മാസത്തിനു ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ചു. പേപ്പർ കാരി ബാഗുകൾ, സ‍ഞ്ചികള്‍, കോട്ടൺ കാരി ബാഗുകൾ, ഡിസ്പോസിബിൾ സർജിക്കൽ മാസ്ക് എന്നിവയാണ് ഇപ്പോൾ ഇവിടെ നിർമ്മിക്കുന്നത്. എട്ടു തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാലായി ചുരുങ്ങി. പ്രതിസന്ധിഘട്ടത്തില്‍ ലഭിച്ച സര്‍ക്കാര്‍ സഹായം വലിയ ആശ്വാസമാണെന്ന് റോയ് പറഞ്ഞു.