സ്‌നേഹനിധിയായ വലിയ ഇടയന്‍, അനേകരുടെ കണ്ണീരൊപ്പിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതം യഥാർത്ഥ ക്രെെസ്തവ സാക്ഷ്യത്


കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ കണ്ടു സഹായങ്ങള്‍ക്കായി എത്തുന്നവരെയെല്ലാം നേരില്‍ കാണുന്നിലെങ്കിലും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ പരിശുദ്ധ ബാവ തന്റെ ഓഫീസിലുളളവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സാ സഹായത്തിനും വീട് നിര്‍മ്മാണത്തിനും വിവാഹ സഹായത്തിനുമായി എത്തുന്ന എല്ലാവരെയും മലങ്കരസഭയുടെ വലിയ ഇടയന്‍ തന്നാല്‍ കഴിയുന്ന വിധം ചേര്‍ത്തു നിര്‍ത്തും. നിര്‍ദ്ധന കര്‍ഷക കുടുംബത്തില്‍ ജനിച്ച ബാവായ്ക്ക് സാധാരണക്കാരന്റെ പ്രയാസങ്ങള്‍ വേഗം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. തന്റെ കയ്യിലുളള പണം സഭയുടെതാണെന്നും അത് സഭയുടെ നന്മയ്ക്കും മനുഷ്യരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്നും ഉളള വീക്ഷണമായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഉണ്ടായിരുന്നത്. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ ആരും അറിയരുതെന്ന്  ആത്മാര്‍തമായ ആഗ്രഹം അദ്ദേഹത്തിനുണ്ട്. അനാഥരോട് പരിശുദ്ധ പിതാവ് കാണിക്കുന്ന കരുതല്‍  ആരെയും അമ്പരപ്പിക്കും. സെറിബ്രല്‍ പാള്‍സി (cerebral palsy) ബാധിച്ച കോഴിക്കോട് സ്വദേശി അനുഗ്രഹിന്റെയും സഹപാഠി ബിസ്മിയുടെയും അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ മാധ്യമങ്ങളില്‍ കൂടെ കേട്ടറിഞ്ഞ പരിശുദ്ധ ബാവ അവരെ കാണാന്‍ പോയതും സഹായങ്ങള്‍ നല്‍കിയതുമെല്ലാം ആ വലിയ ഇടയനു സമൂഹത്തോടുളള കരുതലിന്റെ ഉദാഹരണമാണ്. പരിശുദ്ധ ബാവായുടെ നിര്‍ദ്ദേശപ്രകാരം സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി ചേര്‍ന്ന് എല്ലാ വര്‍ഷവും ജാതിമതഭേദമന്യേ 600ല്‍ പരം വിദ്യാര്‍ത്ഥിള്‍ക്ക് നല്‍കിവരുന്ന 70 ലക്ഷം രൂപായുടെ സ്‌കോളര്‍ഷിപ്പ് പരിശുദ്ധ ബാവായ്ക്ക് വിദ്യാര്‍ത്ഥികളോടുളള സ്‌നേഹത്തിന്റെയും വത്സല്യത്തിന്റെയും അടയാളമാണ്. കൊല്ലം നല്ലിലയില്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത റോജി റോയി എന്ന പെണ്‍കുട്ടിയുടെ ബധിരരും മൂകരുമായ മാതാപിതാക്കളുടെ ആജീവനാന്ത സംരക്ഷണത്തിനായി ഐക്കണ്‍ ചാരിറ്റീസിന്റെ സഹകരണത്തോടെ ബാങ്കില്‍ 16 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയതും പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ്. പരിശുദ്ധ ബാവാ തിരുമേനി തന്നെ മുന്‍കൈയെടുത്തു ആരംഭിച്ചതാണ് സ്‌നേഹസ്പര്‍ശം കാന്‍സര്‍ കെയർ  പദ്ധതി. കാൻസർ ബാധിതരുടെ പരിപാലനത്തിനായി ആരംഭിച്ച ഈ പദ്ധതിയിലൂടെ പ്രതി വർഷം 100ൽ പരം ആളുകൾക്ക് സഹായം ലഭിക്കുന്നുണ്ട്. നിര്‍ദ്ധനരായ നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാണ് ഈ പദ്ധതി.  ഡയാലിസിസ് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റേഷൻ പദ്ധതിയായ സഹായ ഹസ്തത്തിലൂടെ നിർദ്ധനരായ നിരവധി രോഗികൾക്ക് സഹായം എത്തിക്കുന്നു. കർഷകരുടെ ഉന്നമനത്തിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ ആവഷ്കരിക്കുകയും അതിനു വേണ്ടതായ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തിരുമേനി സഭാ വക പുരയിടങ്ങളിൽ വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കാൻ അഹ്വാനം ചെയ്തു. സാമ്പത്തിക പ്രയാസം നേരിടുന്നു സഭയിലെ വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുകയും കോവിഡ് ബാധിച്ച് മരിച്ച സഭാംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക്   സാമ്പത്തിക സഹായം നൽകുകയും ചെയ്തു. അനേകരുടെ കണ്ണീരൊപ്പി യ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതം യഥാർത്ഥ ക്രെെസ്തവ സാക്ഷ്യത്തിന്റെ പ്രതിബിംബമായിരുന്നു.