കോട്ടയം: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പതിനൊന്നു വർഷത്തെ ഭരണകാലം സഭയുടെ ചരിത്രത്തിൽ അനേകം നേട്ടങ്ങൾ കൊയ്യുവാൻ സാധിച്ചുവെങ്കിലും പ്രതിന്ധികളിൽ കൂടെയാണ് സഭ കടന്നുപോയത്. പാത്രയർകീസ് വിഭാഗവുമായുള്ള തർക്കങ്ങൾ സഭയുടെ സമാധാനത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. മലങ്കര സഭയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹത്തില്‍ അടിയുറച്ചു നിന്ന സഭാ തലവനായിരുന്നു അദ്ദേഹം. " നമ്മുക്ക് ഒരു സ്വപ്നമുണ്ട്. നാം ഒന്നാണ്. ഒരേ വിശ്വാസവും ഒരേ ആരാധനയും. നമ്മുക്ക് സമാധാനം വേണം. നാം ഒരു കൂടാരത്തില്‍ വസിക്കുന്നവരാകണം. ഒരു ശരീരമായി ദൈവത്തെ ആരാധിക്കുന്നവരാകണം" 2012 നവംബര്‍ 25 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന കാതോലിക്കേറ്റ് ശതാബ്ദി മഹാസമ്മേളനത്തില്‍ വച്ച് പരിശുദ്ധ ബാവ പറഞ്ഞ വാക്കുകളാണിത്. സുധീര്‍ഘമായിരുന്ന നിയമയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2017 ജൂലൈ 3-നാണ് സുപ്രീം കോടതിയില്‍ നിന്ന് നിര്‍ണായകമായ വിധി ഉണ്ടായത്. ഈ വിധി ലഭിക്കുന്നതിനായുളള നിയമ പോരാട്ടങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയെ മുന്നില്‍ നിന്ന് നയിച്ചത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭയിലെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നുളള അതിയായ ആഗ്രഹം പരിശുദ്ധ പിതാവിന് ഉണ്ടായിരുന്നു. അതിനുളള ആഹ്വാനം ആദ്യം തന്നെ അദ്ദേഹം നല്‍കിയുന്നെങ്കിലും അത് പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തി കാണുവാന്‍ പരിശുദ്ധ ബാവായ്ക്ക് സാധിച്ചില്ല. വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അതിന് പല വിമര്‍ശനങ്ങളും പ്രയാസങ്ങളും നേരിടേണ്ടിവന്നു. വരിക്കോലി പളളിയില്‍ ആരാധനയ്ക്ക് എത്തിയ പരിശുദ്ധ കാതോലിക്കാ ബാവായെ 8 മണിക്കൂര്‍ പാത്രയർക്കീസ് വിഭാഗം തടഞ്ഞുവയ്ക്കുകയുണ്ടായി. എങ്കിലും മലങ്കര സഭയെ വീണ്ടുമൊരു വ്യവഹാരത്തിലേക്ക് തളളിവിടാതിരിക്കുവാന്‍ തക്ക നിലപാട് പരിശുദ്ധ ബാവാ അന്ത്യം വരെയും മുറുകെ പിടിക്കുകയുണ്ടായി. സഭയുടെ ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് ഉറച്ച നിലപാടുകള്‍ തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. വ്യവസ്ഥാപിതമായ സഭാ ഭരണത്തിൽ നിന്ന് അകന്നു പോയിരുന്ന ഏതാനും പള്ളികൾ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സഭയുടെ 1934 ലെ ഭരണഘടനയ്ക്ക് കീഴിൽ കൊണ്ടുവരാനും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് സാധിച്ചു.
പ്രതിസന്ധികളുടെ കാലത്ത് സഭയെ മുന്നിൽ നിന്ന് നയിച്ച പിതാവ്, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.