എല്ലാ ഘട്ടത്തിലും നാടിന്റെ നന്മ ആഗ്രഹിച്ച വ്യക്തിയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവ: മുഖ്യമന്ത്രി.


പത്തനംതിട്ട: എല്ലാ ഘട്ടത്തിലും നാടിന്റെ നന്മ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൗതികശരീരം പൊതു ദര്‍ശനത്തിന് വച്ചിരുന്ന പരുമല പള്ളിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യക്തിപരമായി അദ്ദേഹത്തെ നിരവധി ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടില്‍ കഴിഞ്ഞവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നതാണ് തിരുമേനി എന്നും മുന്നോട്ട് വച്ചിരുന്ന ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവരും പരിശുദ്ധ ബാവയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു.