സൂര്യനുദിക്കുന്നതിനൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ തുടരുന്നത്; മാണി സി കാപ്പൻ.


പാലാ: സൂര്യനുദിക്കുന്നതിനൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ തുടരുന്നത് എന്ന് എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. കോർപ്പറേറ്റുകൾക്കുവേണ്ടി നടത്തുന്ന പകൽകൊള്ളയാണ് ദിനംപ്രതിയുള്ള പെട്രോൾ, ഡീസൽ, പാചക വാതകവില വർദ്ധനവ് എന്ന് അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കമമെന്നും ആവശ്യപ്പെട്ടു യു ഡി എഫ് ആഹ്വാനം ചെയ്ത കുടുംബ സത്യഗ്രഹസമരത്തിൽ കുടുംബസമേതം പങ്കാളിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന ജനത്തെ പരിഗണിക്കാതെ സമാനതകളില്ലാത്ത ദുരിതത്തിലേയ്ക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്ര സർക്കാരിൻ്റെത് എന്നും ഈ നടപടിക്കെതിരെ രാഷ്ട്രീയത്തിനതീതമായ പൊതുജനരോഷം ഉയരണം എന്നും മാണി സി കാപ്പൻ പറഞ്ഞു. വീട്ടുപടിക്കൽ നടന്ന കുടുംബ സത്യാഗ്രഹത്തിൽ ഭാര്യ ആലീസ്, മകൾ ദീപ, മരുമകൻ ദീപു, കൊച്ചുമക്കളായ റയാൻ, നിയ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം, ജിൻസ് കാപ്പൻ, രജനി തടങ്ങിയവർ പങ്കെടുത്തു.