പാലാ: എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് വിജയശതമാനം കൂടുതൽ ഉള്ള വിദ്യാഭ്യാസ ജില്ലയായി പാലാ മാറിയതിൽ അഭിമാനമുണ്ട് എന്ന് എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. ഈ നേട്ടം കൈവരിക്കാൻ പരിശ്രമിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കിടയിലും ഉന്നത വിജയം നേടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകരാണ് യഥാർത്ഥ വിജയശില്പികൾ. വിട്ടുവീഴ്ചയില്ലാത്ത കഠിനപരിശ്രമമാണ് അധ്യാപകരും വിദ്യാർത്ഥികളും നടത്തിയത്. അധ്യാപകരുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനാകെ മാതൃകയാണ്. ഉന്നത വിജയം നേടിയത് വഴി വിദ്യാർത്ഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും പാലായുടെ യശസ്സ് ആണ് ഉയർത്തിയത് എന്നും മാണി സി കാപ്പൻ പറഞ്ഞു.