കോട്ടയം ജില്ലയിൽ വാക്സിൻ വിതരണം നടക്കുന്നത് കാര്യക്ഷമമായി തന്നെ; ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിൽ വാക്സിൻ വിതരണം നടക്കുന്നത് കാര്യക്ഷമമായി തന്നെ ആണെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടു കളക്ടറുടെ ഫേസ്ബുക്ക് പേജിലെ പരാതികൾക്കും ആവശ്യങ്ങൾക്കും മറുപടി നൽകുകയായിരുന്നു ജില്ലാ കളക്ടർ. വാക്സിനേഷനുമായി ബന്ധപ്പെട്ടു ഫേസ്‌ബുക്ക് പേജിൽ ഉന്നയിക്കുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കൃത്യമായി വീക്ഷിക്കുന്നുണ്ടെന്നും അതാത് സമയങ്ങളിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണമാണ് മറുപടി നൽകാൻ സാധിക്കാത്തത് എന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ കൃത്യമായും സുതാര്യവുമായാണ് നടന്നു വരുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ ലഭ്യമാകുന്ന വാക്സിൻ ഡോസുകൾ യാതൊരു പക്ഷപാതവുമില്ലാതെ ജില്ലയിലെ 83 കേന്ദ്രങ്ങൾക്കുമായി വിതരണം ചെയ്യുന്നുണ്ടെന്നും പുതുതായി അനുവദിച്ച ഒരു കേന്ദ്രം കൂടി ഉൾപ്പെടുത്തി ജില്ലയിൽ 84 വാക്സിൻ വിതരണ കേന്ദ്രങ്ങളാണുള്ളതെന്നും ജില്ലാ കളക്ടർ പറഞ്ഞു. 11 ലക്ഷത്തിനടുത്തു വാക്സിൻ ഡോസുകളാണ് ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത്. 7 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിനും 3 ലക്ഷത്തിലധികം പേർക്ക് രണ്ടാം ഡോസ്  കോവിഡ് പ്രതിരോധ വാക്സിനും ലഭിച്ചിട്ടുണ്ട്.

ഒന്നാം ഡോസ് ലഭിച്ചതിനു ശേഷം രണ്ടാം ഡോസ് ലഭിക്കേണ്ട സമയ പരിധി കഴിഞ്ഞു പോകുന്നതായി പലരും പരാതികൾ പങ്കുവെയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ജില്ലാ കളക്ടർ പറഞ്ഞു. ആദ്യ ഡോസ് വാക്സിൻ ലഭിച്ചവർക്ക് മുൻഗണനാ ക്രമമനുസരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ പറഞ്ഞു. പരമാവധി ഒരാഴ്ച്ചയ്ക്കുള്ളിൽ കാലാവധി പൂർത്തിയാക്കിയ ഒന്നാം ഡോസുകാർക്ക് രണ്ടാം ഡോസ് നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്കായും ജില്ലയിൽ നിശ്ചിത ശതമാനം വാക്സിൻ നീക്കി വെച്ചിട്ടുള്ളതായും ജില്ലാ കളക്ടർ പറഞ്ഞു. ലഭ്യമാകുന്ന വാക്സിൻ ഡോസുകൾ എല്ലാ കേന്ദ്രങ്ങൾക്കുമായി തുല്യമായാണ് വീതിച്ചു നൽകുന്നത്. വാക്സിൻ സ്വീകരിക്കുന്നതിനായി ലഭ്യമായിരിക്കുന്ന അതാത് ദിവസം തന്നെ വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തി വാക്സിൻ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു.