സംസ്ഥാനത്ത് നാളെ വ്യാപാരികളുടെ കടയടപ്പ് സമരം, പിന്തുണച്ച് ടൂ വീലർ ഡീലേഴ്‌സ് അസോസിയേഷനും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും.


തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാനത്ത് നാളെ വ്യാപാരികൾ കടയടപ്പ് സമരം നടത്തും. സുഗമമായ വ്യാപാരത്തിന് അവസരമൊരുക്കണമെന്നും കടകൾ തുറക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് നാളെ കടയടപ്പ് സമരത്തിന് ആഹ്വനം ചെയ്തിരിക്കുന്നത്.

നാളെ നടക്കുന്ന കടയടപ്പ് സമരത്തിൽ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും പങ്കാളികളാകുമെന്നു പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി ജയപാൽ എന്നിവർ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരത്തിന് ടൂ വീലർ ഡീലേഴ്‌സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ കൂടുതൽ തിരക്കുണ്ടാക്കുമെന്നും ഇത് റോപ്‌ഗേ വ്യാപനത്തിന് കാരണമാകുമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസ്രുദീൻ പറഞ്ഞു.

നാളെ നടത്തുന്നത് സൂചനാ സമരമാണെന്നും അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ നിബന്ധനകൾ ലംഘിച്ചു എല്ലാ കടകളും എല്ലാ ദിവസവും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തും.