മലരിക്കലിൽ വിസ്മയ കാഴ്ച്ചയൊരുക്കി കോട്ടയത്തിന്റെ ആമ്പൽ വസന്തം.


കോട്ടയം: പതിവ് തെറ്റിക്കാതെ ഇത്തവണയും നമ്മുടെ കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്തം വിരുന്നെത്തി. മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുകയാണ്. കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ വസന്തം അടുത്തയാഴ്ച്ച മുതൽ കണ്ടാസ്വദിക്കാം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും ഭാര്യയും  ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയും മലരിക്കൽ സന്ദർശിച്ചിരുന്നു. കോട്ടയം തഹസിൽദാർ കലക്ടർക്കൊപ്പമുണ്ടായിരുന്നു. 2019 ൽ ഒരു വലിയ ആഘോഷം തന്നെയായിരുന്നു നമ്മുടെ ഈ ആമ്പൽ വസന്തം. ആമ്പൽ ഫെസ്റ്റ് ഉൾപ്പടെ നിരവധി പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. 



എന്നാൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദൃശ്യ വിസ്മയം കാണാൻ അവസരമുണ്ടായിരുന്നില്ല. കാഴ്ച്ച കാണുന്നതിനായി മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് ആമ്പൽ വസന്തം പൂത്തുലഞ്ഞു നിൽക്കുന്നത്. ആമ്പൽ വസന്തവുമായി ബന്ധപ്പെട്ടു നിരവധി ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊറോണ കാരണം ഇവയെല്ലാം നിർത്തി വെച്ചിരിക്കുകയാണ്. 12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് മലരിക്കലിലും അമ്പാട്ടുകടവിലും ആമ്പൽ വസന്തം. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ സന്ദർശർക്ക് അനുമതി നൽകിയേക്കും.  സഞ്ചാരികൾക്ക് ആമ്പൽ പാടത്തിലൂടെ യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വള്ളക്കാർക്ക് വാക്സിൻ നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്നു ഗ്രാമപഞ്ചായത്ത് അധികൃതർ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിയന്ത്രങ്ങൾ കർശനമായി പാലിച്ചായിരിക്കും സഞ്ചാരികൾക്ക് അനുമതി നൽകുക. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ ഇല്ലിക്കൽകല്ല്, അരുവിക്കുഴി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് ഒന്നാം ഡോസ് വാക്സിനേഷൻ നടത്തിയതിൻ്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലുള്ള ആർ. ടി. പി.സി. ആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ടോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിൻ്റെ റിപ്പോർട്ടോ കൈവശമുളളവർക്ക് സന്ദർശിക്കാം.