തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രങ്ങൾ വീണ്ടും കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ഡബ്ള്യു. ഐ. പി. ആര്‍ ഏഴില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഇവര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും.
സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങള്‍ വീണ്ടും ചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാക്സിന്‍ എടുക്കാത്തവര്‍ അടിയന്തിരസാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേരുന്നത്. കടകളില്‍ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കടയുടമകളുടെ യോഗം ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും. 18 വയസ്സിനു മുകളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്സിനേഷന്‍ ലഭിച്ച ജില്ലകളില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1000 സാമ്പിളുകളില്‍ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളില്‍ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക. രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കും ഒരു മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവായവര്‍ക്കും ടെസ്റ്റുകള്‍ ആവശ്യമില്ല.
12 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കിറ്റുകള്‍ ജില്ലാ അതോറിറ്റികള്‍ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.