ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ആഘോഷങ്ങള്‍ മന്ത്രി വി.എന്‍. വാസവന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.


ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഇന്ന്(ഓഗസ്റ്റ് 17) തുടക്കമാകും. കോട്ടയം ജില്ലാതല ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. 


  ഗവണ്‍മെന്‍റ് ചീഫ്  ഡോ. എൻ. ജയരാജ്,  തോമസ് ചാഴികാടൻ എം. പി, എം. എൽ. എ മാരായ  തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ, ജില്ലാ പോലീസ്  മേധാവി ഡി. ശില്പ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു,  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാർ  അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുക്കും. 


ജില്ലാ പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റുമാരെ ചടങ്ങില്‍ ആദരിക്കും.   മുൻ അംഗങ്ങളും മുൻ ഉദ്യോഗസ്ഥരും ഓണ്‍ലൈനില്‍ പങ്കുചേരും. 


ജനകീയാസൂത്രണ പരിപാടിയുടെ കാൽ നൂറ്റാണ്ട് കോട്ടയം ജില്ലയെ  സംബന്ധിച്ചിടത്തോളം വികസന കുതിപ്പിന്‍റെ കാലഘട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി പറഞ്ഞു.  ഉത്പാദന, സേവന, പശ്ചാത്തല മേഖലകളിൽ ഈക്കാലയളവില്‍  ഗണ്യമായ മുന്നേറ്റമുണ്ടായി. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ജനജീവിതത്തെ സ്പര്‍ശിക്കുന്ന മേഖലകളിലെല്ലാം ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് കരുത്തേകാന്‍ ജനകീയാസൂത്രണ പദ്ധതിക്കു കഴിഞ്ഞു-ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.