മഴ ശക്തം: കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, ജില്ലയുടെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.


കോട്ടയം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. രണ്ട് ദിവസമായി തുടരുന്ന മഴ ഇപ്പോഴും ശമിച്ചിട്ടില്ല. ശക്തമായ മഴയിൽ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യത കണക്കിലെടുത്താണ് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയിൽ അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.  ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെയുള്ള നിരോധനം.