കർഷകരുടെ കളയാണ് കോട്ടയത്തിന്റെ ആമ്പൽ വിസ്മയം, മലരിക്കലിൽ സംഭവിക്കുന്നത്; അഡ്വ.കെ അനിൽ കുമാർ.


കോട്ടയം; മലരിക്കലിലെ ഏക്കറുകണക്കിന് നീണ്ടു കിടക്കുന്ന പാടശേഖരങ്ങളിലെ ആമ്പൽ ചെടികൾ കോട്ടയത്തിനു സമ്മാനിച്ചത് പിങ്ക് വസന്തമായ ആമ്പൽ വസന്തമാണ്. 2018 മുതൽ ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തി.

 

 ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെയാണ് ഈ വർഷം മലരിക്കലിലെ ആമ്പൽ വിസ്മയം കാണാൻ സഞ്ചാരികൾക്ക് അനുമതി നൽകിയത്. ഈ വർഷം ആമ്പൽ വിസ്മയം കാണാനെത്തുന്നവരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു.

 

 യഥാർത്ഥത്തിൽ മലരിക്കലിൽ സംഭവിക്കുന്നത് എന്താണെന്ന് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ കോ-ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ പറയുന്നു:

മലരിക്കൽ ആമ്പൽ വസന്തം നയനാന്ദകരമായ കാഴ്ച്ചയ്ക്കൊപ്പം വിസ്മയ കാഴ്ചയുമാണ്. എന്നാൽ ഈ ആമ്പൽ പൂക്കൾ ആരുടേത്? കർഷകരുടെ കളയാണ് ആമ്പൽവിസ്മയം സമ്മാനിക്കുന്ന ഈ ആമ്പൽ ചെടികൾ. കർഷകർ നെൽ കൃഷിക്കിറങ്ങുമ്പോൾ ആമ്പൽച്ചെടികൾ ശാപമായി തോന്നും. ഈ പാടശേഖരങ്ങളിൽ മുഴുവൻ കളനാശിനി അടിച്ച് അമ്പലുകൾ ചീയിച്ച് ടാക്ടർ ഉപയോഗിച്ച് നിലമുഴുത് നടത്തിയ ശേഷമാണ് ഇവിടെ കർഷകർ നെൽകൃഷി ആരംഭിക്കുന്നത്. ഏതാണ്ട് രണ്ടായിരത്തിലേറി ഏക്കർ വിസ്തീർണമുള്ള നെൽപാടത്ത് നല്ല നിലയിൽ കൃഷി നടക്കുന്നു.

പാടശേഖരങ്ങൾ സ്വകാര്യ വ്യക്തികളുടേതാണ്. 2018ലാണു് ആദ്യം ആമ്പൽകാഴ്ചകൾക്ക് ജനകീയ കൂട്ടായ്മയും മലരിക്കൽ ടൂറിസം സൊസൈറ്റിയുംപരിശ്രമം നടത്തിയത്. തുടർന്നു് 2019 ൽ ആമ്പൽ വിസ്മയം വളെരെയധികം ഹിറ്റായി. പക്ഷെ വിസ്മയ കാഴ്ചകൾ കണ്ടു സഞ്ചാരികൾ തിരികെ പോയപ്പോൾ കൃഷിക്കിറങ്ങിയ കർഷകർക്കു പരാതി മാത്രമായിരുന്നു. കാഴ്ചക്കാർ തങ്ങളുടെ വരമ്പുകൾകളഞ്ഞു. നഷ്ടപരിഹാരം വേണം. സൊസൈറ്റി മുൻകൈ എടുത്ത് വരമ്പുകൾ നിർമിച്ചു നൽകി. കൃഷിക്കാർ മുൻകൂട്ടി കളനാശിനി അടിച്ചതിനാൽ 2020 ൽ പല സ്ഥലത്തും അമ്പലുകൾ വിരിഞ്ഞില്ല. അതിനൊരു പരിഹാരമായിട്ടാണു്  2021 ൽ പുതിയ നിർദ്ദേശം വന്നത്.

പാടശേഖര സമിതികൾക്ക് ആമ്പൽ വസന്തം കാണാൻ വരുന്നവർ വരുമാനം പങ്കിടണം. സന്ദർശകരുടെ വള്ളങ്ങൾ ഉപയോഗിക്കാൻ പാടശേഖര സമിതികൾ അനുവാദം നൽകണം. ഗ്രാമ പഞ്ചായത്തും ഡി ടി.പി സി യും പാടശേഖര സമിതികളും ചേർന്നു് സംയുക്തമായാണു് 30 രുപാ ഫീസ് നിശ്ചയിച്ചത്. കോവിഡ് കാലത്ത് നിയന്ത്രണമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തിയാൽ ഗ്രാമത്തിനു് താങ്ങാനാവില്ല. 2019 ൽ ഗ്രാമം വീർപ്പുമുട്ടിയ അനുഭവത്തിൽ നിന്നാണു്  പ്രവേശനം നിയന്ത്രിക്കാൻ നിശ്ചയിച്ചത്. 30 രൂപയിൽ 20 രുപയും രണ്ടു പാടശേഖര സമിതികൾക്ക് അവകാശപ്പെട്ടതുമാണു്. തീരുമാനങ്ങൾക്ക് പിന്നിലെ യാതാർത്ഥ വസ്തുതകൾ ഇങ്ങനെ:

*കൃഷിക്കാർക്ക് വരുമാനം നൽകി അവരെ നിലനിർത്തിയില്ലങ്കിൽ ആമ്പൽകാഴ്ചകൾക്ക് ആയുസ്സില്ല.

*ടൂറിസം മേഖലയിലെ വരുമാനം കർഷകർക്ക് കൂടി പങ്കാളിത്തം നൽകി പങ്കിടാനുള്ള ശ്രമം മാതൃകയാണു്.

*കർഷകർ കളനാശിനി അടിച്ചാൽ വസന്തം അവസാനിക്കുന്നതിനാൽ മലരിക്കൽ ആമ്പൽ വസന്തം നില നിർത്തണമെങ്കിൽ കർഷകരേയും തദ്ദേശീയ ജനതയേയും സംരക്ഷിക്കണം.

*ടൂറിസത്തിനായി റോഡും ബാത്ത് റൂമുകളും മറ്റ് സൗകര്യങ്ങളും വികസിപ്പിക്കണം.

*180 ൽ പരം വള്ളങ്ങൾ കൊണ്ട് തുഴച്ചിൽ കാർ വരുമാനം ഉണ്ടാക്കി. അത് നാടിൻ്റെ സാമ്പത്തിക ജീവിതത്തിൽ നല്ല നേട്ടം നൽകി.

*ഈ വർഷത്തെ അനുഭവം കണക്കാക്കി അവശ്യമായ കൂടിയാലോചനകളോടെ ഭേദഗതികൾ വരുത്തി ടൂറിസം പ്രവർത്തനങ്ങൾ മുന്നോട്ടു പോകണം.

*വിശ്വമാതൃകയായി നമുക്ക് മലരിക്കൽ ജല ടൂറിസം കേന്ദ്രത്തെ മാറ്റാം. 

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി 2018 ജനു.1നു് മലരിക്കൽ ജല ടൂറിസം കേന്ദ്രം ആരംഭിച്ചതാണു്. എല്ലാ വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നതായും വിമർശനങ്ങളേക്കാൾ പിന്തുണയാണു് ജനങ്ങൾ നൽകിയത് എന്നും അഡ്വ.കെ അനിൽ കുമാർ പറഞ്ഞു.