കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ വൈദിക വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന്.


മുണ്ടക്കയം: കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മുണ്ടക്കയം കോരുത്തോട് കുറ്റിക്കാട്ട് ദേവസ്യ-മോളി ദമ്പതികളുടെ മകനും കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക വിദ്യാർത്ഥിയുമായ ബ്രദർ തോമസ് കുട്ടി(25)യുടെ സംസ്കാരം ഇന്ന്.

 

 ഇന്ന് രാവിലെ 10 മണി മുതൽ 3 മണിവരെ കോരുത്തോട് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വെയ്ക്കുന്നതും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു ആദരാഞ്ജലികൾ അർപ്പിക്കാവുന്നതുമാണ്. തുടന്ന് 5 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോരുത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

 

 കണ്ണൂർ മട്ടന്നൂർ 19ാം മൈലിൽ മലബാർ സ്‌കൂളിന് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. സാമൂഹ്യ നീതി വകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ ഡയറക്ടർ ഫാ. റോയി വടക്കൻ (53), സിസ്റ്റർ ട്രീസ (58) അജി മറ്റപ്പള്ളി, ഷാജി കുന്നക്കാട്ട് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോമോൻ,ജൂലി എന്നിവരാണ് ബ്രദർ തോമസ് കുട്ടിയുടെ സഹോദരങ്ങൾ.