തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനും തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യം ആഗസ്റ്റ് 17 മുതൽ നടപ്പിലാക്കും. തുടക്കത്തിൽ ഈ സൗകര്യം കോർപ്പറേഷന്റെ തിരുവനന്തപുരം എഫ്.എൽ.1/11008 വെഎംസി പാവമണി എന്നീ ചില്ലറ വിൽപനശാലകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടത്തും.
https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒ.റ്റി.പി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇമെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്‌ളിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.
ഉപഭോക്താക്കൾക്ക് വേണ്ട മദ്യം തെരഞ്ഞെടുത്ത് കാർട്ടിൽ ചേർത്തതിനുശേഷം ആയതിലേക്കുള്ള തുക പ്ലെയിസ് ഓർഡർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അടയ്ക്കാൻ ഇതിൽ ചേർത്തിട്ടുള്ള പെയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകണം. ഇതിൽ വരുന്ന നിർദ്ദേശാനുസരണം പെയ്‌മെന്റ് നടത്താം. ഇതിനുശേഷം റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത് മദ്യം വാങ്ങാം.
ഈ സൗകര്യം ക്രമേണ കെഎസ്ബിസിയുടെ മറ്റു ചില്ലറ വിൽപനശാലകളിലും ലഭ്യമാക്കും. തുടക്കത്തിൽ പുതിയ സംവിധാനത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തിൽ സന്ദേശമയക്കണം. പുതിയ ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിനായി ഒരു ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും https://ksbc.co.in സജ്ജമാക്കിയിട്ടുണ്ട്.