കരുതലും കൂട്ടായ്‌മയും ഒത്തു ചേർന്നു, അറുപത് ദിവസത്തെ ഐ സി യൂ ജീവിതത്തിനുമപ്പുറം തന്റെ പിഞ്ചോമനയെ കാണാൻ കാരിത്താസിൽ നിന്നും ആര്യ വീട്ടിലെത്തി.



കോട്ടയം: കരുതലും കൂട്ടായ്‌മയും ഒത്തു ചേർന്നപ്പോൾ ചിരിച്ച മുഖവുമായാണ് മണ്ണത്തൂർ സ്വദേശി ആര്യ സുരേഷ്‌ കാരിത്താസ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. കോവിഡിനെയും മറ്റു ആരോഗ്യ പ്രശനങ്ങളെയും മറികടന്നു തന്റെ പിഞ്ചോമനയ്‌ക്കൊപ്പം പുതിയൊരു ജീവിതത്തിനു തുടക്കമിടുകയാണ് ആര്യ.

 

 കൂത്താട്ടുകുളം തിരുമാറാടി മണ്ണത്തൂർ കുന്നുമ്പുറത്ത് കെ എൻ ആനന്ദിന്റെ ഭാര്യയായ ആര്യ സുരേഷ് ആണ് ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ചു കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആര്യയുടെ ആരോഗ്യ നില വഷളാകുകയും ന്യുമോണിയയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് എട്ടാം മാസത്തിൽ കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

 

 എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആര്യയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തന്റെ പിഞ്ചോമനയെ ഒരു നോക്ക് കാണാൻ പോലും ആര്യയ്ക്ക് സാധിച്ചിരുന്നില്ല. ജൂൺ മാസം ആദ്യമാണ് കോവിഡ് ബാധിതയായതിനെ തുടർന്ന് ആര്യയെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് രോഗബാധയെ തുടർന്ന് ശ്വാസകോശത്തിൽ കുമിളകൾ രൂപപ്പെടുകയും തുളകൾ രൂപപ്പെടുകയുമായിരുന്നു.

നിരവധി സുമനസ്സുകളുടെ സഹായത്താലാണ് ആര്യയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തിയത്.  അറുപത് ദിവസത്തെ ഐ സി യൂ ജീവിതവും ആശുപത്രി കിടക്കയിൽ ചിലവിട്ട ദിവസങ്ങളും എല്ലാ ആരോഗ്യ പ്രശനങ്ങളും പ്രതിസന്ധികളും മറികടന്ന് തന്റെ പിഞ്ചോമനയ്‌ക്കൊപ്പം പുതിയൊരു ജീവിതത്തിനു തുടക്കമിടുകയാണ് ആര്യ.  തനിക്ക് നൽകിയ പുതു ജീവിതത്തിനു ഡോക്ടർമാരോടും മറ്റ് എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ആണ് ആര്യ വീട്ടിലേക്ക് മടങ്ങിയത്.

കാരിത്താസ് ആശുപത്രിയിലെ ഡോ.അജയ് രവി, ഡോ ബിനീത എന്നിവരുടെ ചികിത്സയിലായിരുന്നു ആര്യ. പൂർണ്ണ ഗർഭാവസ്ഥയിലും കോവിഡ് ബാധിച്ച അവസ്ഥയിലുമായി കാരിത്താസിലെത്തിയ ആര്യ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അതിജീവിച്ചാണ് പുതു ജീവിതത്തിലേക്ക് മടങ്ങിയത്.