ചങ്ങനാശ്ശേരി നഗരസഭാ സ്റ്റേഡിയത്തിലെ 'ഓട്ടോ പരീക്ഷയ്ക്ക്' തടയിട്ട് നഗരസഭാ ചെയർപേഴ്സൺ.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന 'ഓട്ടോ പരീക്ഷയ്ക്ക്' തടയിട്ട് നഗരസഭാ ചെയർപേഴ്സൺ സന്ധ്യാ മനോജ്‌. ഓട്ടോ റിക്ഷകളിൽ സ്ഥാപിക്കുന്ന മീറ്ററുകളുടെ പരിശോധനയാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നഗരസഭാ സ്റ്റേഡിയത്തിൽ നടന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർത്തിയിരുന്നു.

 

ഇത്തരത്തിൽ വാഹനങ്ങൾ കയറിയിറങ്ങുന്നതിലൂടെ സ്റ്റേഡിയത്തിനു നാശനഷ്ടങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി കായിക പ്രേമികളും രംഗത്ത് എത്തിയിരുന്നു. ഇതേത്തുടർന്ന് മുൻസിപ്പൽ ചെയർപേഴ്സൺ സന്ധ്യ മനോജ് വാർഡ് കൗൺസിലർ ബീന ജോബി, കൗൺസിലർ സന്തോഷ് ആന്റണി എന്നിവർ മുൻസിപ്പൽ സ്റ്റേഡിയം സന്ദർശിക്കുകയും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കുകയും ചെയ്തു. മുൻസിപ്പൽ സ്റ്റേഡിയത്തിനുള്ളിൽ വാഹന പരിശോധന നടത്തുന്നത് അവസാനിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയാതായി നഗരസഭാ ചെയർപേഴ്സൺ സന്ധ്യ മനോജ് പറഞ്ഞു.

മാവേലി സ്റ്റോറിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് മാത്രം തുറന്നു നൽകിയതിന് ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റ് അടച്ചിടാനും നിർദ്ദേശം നൽകി. എന്നാൽ പരിശോധനയ്ക്കായി എത്തിയ ഓട്ടോറിക്ഷകൾ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചു പാർക്ക് ചെയ്തത് തങ്ങളുടെ നിർദ്ദേശപ്രകാരമല്ല എന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 100 ലധികം ഓട്ടോറിക്ഷകളാണ് ഇന്നലെ മീറ്റർ പരിശോധനയ്ക്കായി സ്റേഡിയത്തിലെത്തിയത്. നഗരത്തിലോടുന്ന ഓട്ടോറിക്ഷകളിൽ മീറ്റർ ഘടിപ്പിച്ചു ഓടുന്നവ ചുരുക്കമാണെന്നും ഭൂരിഭാഗം ഓട്ടോ റിക്ഷകളിൽ നിന്നും ടെസ്റ്റിങ് കഴിഞ്ഞാലുടൻ മീറ്ററുകൾ അഴിച്ചു മാറ്റുകയാണെന്നും യാത്രക്കാരടക്കമുള്ളവർ പറയുന്നു. ആദ്യ പരിശോധനയില്ലാതെ പിന്നീട് പരിശോധനയില്ലാത്തതാണ് ഇതിനു കാരണമെന്നും പലപ്പോഴും യാത്രാക്കൂലിയായി കൂടുതൽ തുക ഈടാക്കുന്നതായും യാത്രക്കാർ പറയുന്നു. 

ചിത്രം: വിനോദ് പണിക്കർ.