കോവിഡ് പ്രതിസന്ധി: കടബാധ്യതയിൽ കോട്ടയം ജില്ലയിൽ മാത്രം 45 ദിവസത്തിനിടെ ജീവനൊടുക്കിയത് 7 പേർ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് ജീവനൊടുക്കിയത് നിരവധിപ്പേരാണ്. കോവിഡ് മൂലം എലാ മേഖലകളിലും മാന്ദ്യം നേരിട്ടപ്പോൾ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബാധ്യതകളുടെ കണക്കിൽ മിച്ചം പിടിക്കാനില്ലാതെ കോട്ടയം ജില്ലയിൽ മാത്രം 45 ദിവസത്തിനിടെ ജീവനൊടുക്കിയത് 7 പേരാണ്.

കോവിഡ് തരംഗമുണ്ടാകുന്നതിനു മുൻപുള്ള ജീവാതാവസ്ഥയിൽ നിന്നും ഭൂരിഭാഗം പേരും ഇന്ന് പ്രതിസന്ധിയിലാണ്. അന്നുണ്ടായിരുന്ന സാമ്പത്തിക വരുമാന ഭദ്രതയുടെ അടിസ്ഥാനത്തിൽ വായ്പകൾ എടുത്തവരും പുതിയ സംരംഭങ്ങൾ ആരംഭിച്ചവരുമടക്കം വ്യാപാരികളിൽ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. ദൈനംദിന തൊഴിൽ ചെയ്തു ജീവിച്ചവരും ഇന്ന് വലിയ പ്രതിസന്ധിയുടെ നടുവിലാണ്. തൊഴിൽ ദിനങ്ങൾ കുറഞ്ഞതും തുടർച്ചയായ തൊഴിൽ ലഭ്യതക്കുറവും സൃഷിട്ടിക്കുന്ന ആഘാതം ഭീകരമാണ്. കഴിഞ്ഞ ദിവസമാണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് കൂരോപ്പട സ്വദേശിനിയായ യുവതി മീനച്ചിലാറ്റിൽ ജീവിതം അവസാനിപ്പിച്ചത്.

കൂരോപ്പട കിഴക്കേടത്ത് സുകുമാരൻ്റെ മകൾ സൗമ്യ എസ് (39) നെയാണ് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. 15 ലക്ഷം രൂപയോളം ബാധ്യതയുള്ളതായാണ് പ്രാഥമിക വിവരം. മൂന്നു ദിവസങ്ങൾക്ക് മുൻപാണ് കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയത്ത് ഇരട്ട സഹോദരന്മാർ ആത്മഹത്യ ചെയ്തത്. കോട്ടയം കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ (34) എന്നിവരെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർക്ക് 10 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ക്രെയിൻ ഓപ്പറേറ്റിങ് ജോലിയും വർക്ക് ഷോപ്പ് ജോലിയുമായിരുന്നു ഇരുവർക്കും. കോവിഡ് പ്രതിസദണ്ഡിയിൽ സ്ഥിര വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ജൂലൈ 30 നാണു കോട്ടയം കല്ലറയിൽ കട ബാധ്യതയെ തുടർന്ന് വാഹന ഉടമ ആത്മഹത്യ ചെയ്തത്. കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തിൽ വി.മോഹനൻ (50) ആണ് ആത്മഹത്യ ചെയ്തത്. സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന വാഹനത്തിന്റെ ഉടമയായിരുന്നു ഇദ്ദേഹം. ടെമ്പോ ട്രാവലർ വാഹനമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചതും മറ്റു ഓട്ടം ലഭിക്കാതെയും ആയതോടെ വാഹനത്തിന്റെ തിരിച്ചടവുകൾ മുടങ്ങിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വാഹന ഉടമയ്‌ക്കെതിരെ ബാങ്ക് കേസ് നൽകിയിരുന്നു. ജൂൺ 21 നാണു മുണ്ടക്കയം സ്വദേശികളായ ദമ്പതികളും മകളും ജീവനൊടുക്കിയത്. മുണ്ടക്കയം സ്വദേശികളും തിരുവനന്തപുരം നന്ദൻകോട് വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മനോജ് കുമാർ (45) ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മൂന്നംഗ കുടുംബം ജീവനൊടുക്കിയത്.  സ്വർണ പണിക്കാരനായ മനോജ് കുമാർ ചാലയിൽ കട നടത്തുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കട അടച്ചിടേണ്ടി വന്നതും സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണം. മാസങ്ങൾക്ക് മുൻപ് എരുമേലിയിലെ ടൈൽ വ്യാപാരിയും കടബാധ്യതയെ തുടർന്ന് വ്യാപാര സ്ഥാപനത്തിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്.