കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു, കർശന നിയന്ത്രണങ്ങൾ.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് രാത്രി കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്.

 

 രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിൽ മുകളിലുള്ള മേഖലകളിൽ പ്രാദേശിക ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. കർശനമായി രാത്രി കർഫ്യു നടപ്പിലാക്കാനുള്ള നിർദ്ദേശമാണ് സർക്കാർ പൊലീസിന് നൽകിയിട്ടുള്ളത്.

 

 അനാവശ്യ യാത്രകൾ അനുവദിക്കില്ല. ആശുപത്രി ഉൾപ്പടെയുള്ള അവശ്യ സർവീസുകൾ,ചരക്ക് നീക്കം,മരണാനന്തര ചടങ്ങുകൾക്കുള്ള യാത്ര, ദീർഘ ദൂര യാത്രയ്ക്ക് ശേഷമുള്ള മടക്കയാത്ര എന്നിവയ്ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.

നിയന്ത്രിത സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ആവശ്യമായ യാത്രാ രേഖകൾ കയ്യിൽ കരുതണം. മറ്റുള്ള യാത്രകൾക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ നിന്നും യാത്രക്കുള്ള അനുമതി വാങ്ങേണ്ടതാണ്.