കോട്ടയം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ അനുവദിച്ചതോടെ ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർക്ക് നൽകി. കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സിവിൽ സപ്ലൈസ് മാനേജിങ് ഡയറക്ടർ പി എം അലി അസ്ഗർ പാഷക്ക് ആണ്.
ശനിയാഴ്ച്ച വരെ ജില്ലയിൽ തുടരുന്ന ഇദ്ദേഹം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. ബോധവത്ക്കരണത്തിനും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചും ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് അലി അസ്ഗർ പാഷ പറഞ്ഞു. വാക്സിനേഷൻ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും കോവിഡ് വ്യാപനം തടയുന്നതിനായി കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.