ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനുറച്ച് സംസ്ഥാന സർക്കാർ, 10 നു മുകളിൽ ടി പി ആർ ഉള്ള മേഖലകളിൽ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്രം.


തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ തുടർന്ന് പോരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനുറച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളും. നിലവിലെ ടി പി ആർ വിഭാഗീകരണത്തിനു പകരം രോഗവ്യാപനം കൂടുതലായുള്ള മേഖലകളിൽ മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സർക്കാർ ആലോചന.

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയും രൂക്ഷവുമായതോടെ സംസ്ഥാനത്ത് ഇളവുകൾക്കായി ജനങ്ങളും വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ എല്ലാം എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിക്കാനോ ഞായറാഴ്ച്ച മാത്രമാക്കി ചുരുക്കാനോ സാധ്യതയുണ്ട്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ടി പി ആർ 10 നു മുകളിലുള്ള മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം.

രോഗവ്യാപനം കൂടുതലായുള്ള മേഖലകളിൽ ഇളവുകൾ കൂടുതൽ നൽകുന്നതിനെ സുപ്രീംകോടതിയും വിമർശിച്ചിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുന്നത് സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. എല്ലാ ദിവസവും കൂടുതൽ സമയങ്ങൾ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു പോലീസും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെയും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഉണ്ടാകും. കേന്ദ്രസർക്കാരിന്റെയും സുപ്രീംകോടതിയുടെയും വിമർശനങ്ങൾക്ക് പാത്രമാകാതെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനായാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മൈക്രോ കണ്ടെയിന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മറ്റു മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപന മേഖലകളിലെ രോഗവ്യാപനം കൂടുതലുള്ള മേഖലകൾ നിയന്ത്രിത മേഖലകളാക്കുന്നതിനു ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകിയേക്കും. ഇനിയും അടച്ചിടൽ തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നതിനാലുമാണ് സർക്കാർ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിനായി തീരുമാനമെടുത്തത്.