കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യൽ ഓഫീസറും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ പി. എം. അലി അസ്ഗര്‍ പാഷ കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിൽ ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി.
ജില്ലയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്ജിതമാക്കണമെന്നും കോവിഡ് വ്യാപനം കൂടുതലായുള്ള മേഖലകളിൽ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വാക്സിനേഷൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും പരിശോധനകൾ കൂടുതലായി നടത്തി രോഗബാധിതർ വേഗത്തിൽ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്ക്കരണത്തിനും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചും ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് അലി അസ്ഗർ പാഷ പറഞ്ഞു. പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.