കോവിഡ് തീവ്രവ്യാപനം: 12 ഗ്രാമപഞ്ചായത്തുകൾ റെഡ് സോൺ മേഖലയിൽ.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ തീവ്രത കോട്ടയം ജില്ലയിൽ ആശങ്കാവഹമായി തന്നെ തുടരുകയാണ്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 നു മുകളിലാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയായി റെഡ് സോണിൽ ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളാണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്.

ജൂലൈ 31 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ടി പി ആർ 15 ശതമാനത്തിനു മുകളിലുള്ള 12 ഗ്രാമപഞ്ചായത്തുകളാണുള്ളത്. പാറത്തോട്,കുമരകം,വാകത്താനം, മുത്തോലി,പുതുപ്പള്ളി,ഞീഴൂർ,പായിപ്പാട്, മീനടം, മണിമല,തൃക്കൊടിത്താനം, മുളക്കുളം,കുറവിലങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. പാറത്തോട് ഗ്രാമപഞ്ചായത്തിലാണ് ടി പി ആർ ഏറ്റവും ഉയർന്നു നിൽക്കുന്നത്. 22.67 ശതമാനമാണ് ഇവിടെ നിലവിലെ ടി പി ആർ.

ടി പി ആർ 5 ശതമാനത്തിൽ താഴെയുള്ള ഗ്രീൻ സോൺ മേഖലയിൽ ജില്ലയിൽ 6 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും സുരക്ഷിതമായ എ കാറ്റഗറിയിലായിരുന്ന കല്ലറ ഗ്രാമപഞ്ചായത്ത് ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ബി കാറ്റഗറിയിലാണ്. ടി പി ആർ 5 ശതമാനത്തിനും 10 ശതമാനത്തിനുമിടയിലുള്ള സെമി ലോക്ക് ഡൗൺ മേഖലയിൽ 31 തദ്ദേശ സ്ഥാപനങ്ങളും ടി പി ആർ 10 നും 15 ശതമാനത്തിനുമിടയിലുള്ള ലോക്ക് ഡൗൺ മേഖലയായ സി കാറ്റഗറിയിൽ 28 തദ്ദേശ സ്ഥാപനങ്ങളുമാണുള്ളത്.