കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും, അവലോകന യോഗം ഇന്ന്.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാൻ സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ യോഗം വിലയിരുത്തും.

 

 ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഓണത്തിനോടനുബന്ധിച്ചു നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു. ഇത് രോഗവ്യാപനത്തിനു കാരണമായേക്കുമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

 

 ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ അധ്യക്ഷതയിൽ ഇന്ന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം രാവിലെ ചേരും. സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഡബ്ള്യു ഐ പി ആർ 8 നു മുകളിലുള്ള മേഖലകളിൽ അധിക നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ വിഭാഗീകരണത്തിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്.