ഇളവുകളിൽ പ്രതിരോധം പാളുന്നുന്നുവോ? ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നു, തുടരണം ജാഗ്രത!


കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഡബ്ള്യു ഐ പി ആർ 8 നു മുകളിലുള്ള മേഖലകളിൽ അധിക നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

 ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തുന്നത്.  കോട്ടയം ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളായി ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്.

 

 കോട്ടയം ജില്ലയില്‍ ഇന്നലെ മാത്രം 1474 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ പ്രതിദിനം ശരാശരി ആയിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പരിശോധനയ്ക്ക് വിധേയരാകുന്നവരില്‍ പത്തില്‍ ഒരാളെങ്കിലും പോസിറ്റീവാകുകയും ചെയ്യുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ശരിയായി ധരിക്കാനും  അകലം പാലിക്കാനും കൈകൾ അടിക്കടി ശുചീകരിക്കാനും എല്ലാവരും ശ്രദ്ധിക്കണം.

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ഇന്നലെ ചേർന്നു. എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഡബ്ള്യു ഐ പി ആർ 8 നു മുകളിലുള്ള മേഖലകളിൽ അധിക നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ 6 നഗരസഭകളിൽ 29 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ ജില്ലയിലെ സ്ഥിഗതികൾ കൂടുതൽ വഷളായേക്കും. കോവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടാൻ നമുക്കും മറ്റുള്ളവർക്കുമായി പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാം.