കോട്ടയം നഗരസഭാ പരിധിയിൽ കോവിഡ് പരിശോധനയും വാക്സിനേഷനും ഊർജ്ജിതമാക്കും; ബിൻസി സെബാസ്റ്റ്യൻ.


കോട്ടയം: കോട്ടയം നഗരസഭാ പരിധിയിൽ കോവിഡ് പരിശോധനയും വാക്സിനേഷനും ഊർജ്ജിതമാക്കുമെന്നു നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെയും കോവിഡ് മൂന്നാം തരംഗം ഫലപ്രദമായി നേരിടുന്നതിന്റെയും ഭാഗമായി ആരോഗ്യ വകുപ്പിന്റെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയതോടെ സർക്കാർ നിർദ്ദേശങ്ങൾ പ്രകാരമായിരിക്കും നഗരസഭാ പരിധിയിലും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നഗരസഭാ പരിധിയിലെ അഞ്ചിലധികം ആളുകൾ കോവിഡ് പോസിറ്റീവാകുന്ന മേഖലകൾ കണ്ടെയിന്മെന്റ് സോണായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വാർഡുകളിൽ മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ തിരിച്ചായിരിക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ നടപ്പിലാക്കുക എന്ന് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ എല്ലാ വാർഡുകളിലും കോവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. വാക്സിനേഷൻ ക്യാമ്പുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തിലും ആരോഗ്യ വകുപ്പുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു.