തിരുവനന്തപുരം: പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ചടങ്ങിൽ പങ്കെടുത്ത മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ് എന്ന് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് ചേർന്ന ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലും മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങളും യോഗം വിലയിരുത്തി.
ജില്ലകളിലെ നിലവിലെ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐ.സി.യു.കള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കി വരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നൽകുന്നതിനും രോഗബാധിതർ വേഗത്തിൽ കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനായി കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പിന് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.