കോവിഡ് അൺലോക്ക്: സംസ്ഥാനത്ത് ശനിയാഴ്ച്ച ലോക്ക് ഡൗൺ ഒഴിവാക്കി, ഇളവുകൾ അടുത്തയാഴ്ച്ച മുതൽ പ്രാബല്യത്തിൽ.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ക് ഡൗണിൽ മാറ്റം വരുത്തി. ശനിയാഴ്ച്ച ലോക്ക് ഡൗൺ ഒഴിവാക്കി, ഞായറാഴ്ച്ച ലോക്ക് ഡൗൺ തുടരും.

രോഗബാധിതർ കൂടുതലുള്ള മേഖലകളിൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം. ഇളവുകൾ അടുത്തയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ തീരുമാനങ്ങൾ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രഖ്യാപിക്കും. വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയാതിരുന്നതും ഇളവുകൾക്കു വേണ്ടി പ്രതിഷേധം ശക്തമായതുമാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി രോഗവ്യാപനം കൂടുതലായുള്ള മേഖലകളിൽ പ്രാദേശിക നിയന്ത്രണനം ഏർപ്പെടുത്തണമെന്നും മറ്റു മേഖലകളിൽ ഇളവുകൾ നൽകണമെന്നും ആരോഗ്യ വകുപ്പും എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും കൂടുതൽ സമയം പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് പോലീസും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെയും വിദഗ്ധ സമിതിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത്.