കോവിഡ് വാക്സിനേഷൻ: സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയാതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

 സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂര്‍ത്തീകരിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി.

 

 സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,00,04,196 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 56.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.26 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,41,75,570 ഡോസ് സ്ത്രീകള്‍ക്കും, 1,30,72,847 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 88,66,476 ഡോസുമാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,158 സര്‍ക്കാര്‍ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1,536 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്.