കോവിഡ് പ്രതിരോധ വാക്സിൻ: കോവാക്സിനും കോവിഷീൽഡും ഒരു പോലെ ഫലപ്രദം.


തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ കോവിഡിനെതിരെ ലഭ്യമാകുന്ന എല്ലാ വാക്‌സിനുകളും ഫലപ്രദവും തികച്ചും സുരക്ഷിതവുമാണ്.  കോവാക്സിൻ, കോവിഷീൽഡ്‌ എന്നിവയുൾപ്പടെ രാജ്യത്ത് അംഗീകാരം ലഭിച്ച അഞ്ചു വാക്‌സിനുകളും മികച്ച ഫലമുണ്ടാക്കുന്നവയാണ്. എല്ലാ വാക്‌സിനുകളും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിശോധനകൾക്കു ശേഷം സർക്കാർ അംഗീകാരം നേടിയവയാണ്.

 

 ഒരു വാക്‌സിനും കോവിഡ് രോഗബാധക്കെതിരെ 100 ശതമാനം ഫലപ്രദമല്ല എങ്കിലും ഇവ സ്വീകരിച്ചവർക്ക്  വിരളമായെങ്കിലും രോഗ ബാധയുണ്ടായാൽ ലഘുവായ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ. ഗുരുതരാവസ്ഥ, ആശുപത്രിവാസം, മരണം  എന്നിവ ഒഴിവാക്കാം എന്നതാണ് വാക്‌സിൻ സ്വീകരിക്കുന്നതുകൊണ്ടുള്ള പ്രധാന പ്രയോജനം. കോവാക്സിൻ, കോവിഷീൽഡ്‌ എന്നിവയാണ് ഇപ്പോൾ സർക്കാർ  കേന്ദ്രങ്ങളിൽ സൗജന്യമായി  നൽകിവരുന്നത്. രോഗവ്യാപനം വർദ്ധിച്ചുനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ ഏതെങ്കിലും ഒരു അംഗീകൃത വാക്‌സിൻ  സ്വീകരിച്ച് ഓരോരുത്തരും സുരക്ഷിതരാവുകയും അതിനോടൊപ്പം സാമൂഹിക പ്രതിരോധശേഷി നേടാൻ സമൂഹത്തെ പ്രാപ്തമാകുകയും ചെയ്യുക എന്നതാണ് പ്രധാനം.

എന്നാൽ കോവാക്സിൻ സ്വീകരിക്കുന്നതിന് ചില ആളുകൾ വിമുഖത കാട്ടുന്നതായി റിപോർട്ടുകൾ ലഭിക്കുന്നതുണ്ട്. ഫലപ്രാപ്തിയിലോ സുരക്ഷിതത്വത്തിലോ  കോവിഷീൽഡ്‌ കോവാക്സിൻ എന്നിവ തമ്മിൽ കാര്യമായ വ്യത്യാസമില്ല. ഇന്ത്യയിൽ നടത്തിയ പഠനങ്ങൾ  കോവാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരാണ് കോവിഷീൽഡ്‌ സ്വീകരിച്ചവരെടേതിനേക്കാൾ കൂടുതൽ  പ്രതിരോധശേഷി നേടിയെന്നാണ് തെളിയിക്കുന്നത്. കൂടാതെ കോവിടിന്റെ പുതിയ വകഭേദങ്ങളായ ഡെൽറ്റ ബീറ്റ എന്നിവക്കെരെയും കോവാക്സിൻ വളരെ ഫലപ്രദമാണെന്നും പഠനങ്ങൾ തെളിയിക്കുന്നു.

മാത്രമല്ല കോവാക്സിൻ സ്വീകരിച്ചാൽ 28 ദിവസം കഴിയുമ്പോൾ തന്നെ രണ്ടാം ഡോസും സ്വീകരിക്കാമെന്നതിനാൽ നേരത്തെ രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കാനും കഴിയും. കോവാക്സിന്റെ പഠന റിപ്പോർട്ട് കേന്ദ്രസർക്കാർ ലോകാരോഗ്യ സംഘടനയുടെ  അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.  എത്രയും വേഗം ഇത് പരിഗണനക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ്  കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.  ലോകാരോഗ്യ സംഘടന അംഗീകാരം നൽകുന്ന മുറക്ക് മറ്റു രാജ്യങ്ങളും ഇത് അംഗീകരിക്കും. എങ്കിലും ഉടനെ മറ്റുരാജ്യങ്ങൾ സന്ദര്ശിക്കാൻ ഉദ്ദേശ്യമുള്ളവർ കോവിഷീൽഡ്‌ സ്വീകരിക്കുന്നതാണ് അഭികാമ്യം. മറ്റുള്ളവർ ലഭ്യമായ വാക്‌സിൻ ആദ്യ അവസരത്തിൽ തന്നെ സ്വീകരിക്കേണ്ടതാണ്.