സംസ്ഥാന വ്യാപക ലോക്ക് ഡൗൺ പിൻവലിക്കുകയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തുകയും ചെയ്തതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവരിലും ചർച്ചയേ വിഷയമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്ന ടി പി ആർ. എന്നാൽ ഇനി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടി പി ആറിന് പകരം ഡബ്ല്യുഐപിആർ ആണുള്ളത്.
എന്താണ് ഡബ്ല്യുഐപിആർ? മുൻപ് തദ്ദേശ സ്ഥാപന മേഖലകളിലെ ഒരാഴ്ച്ചത്തെ ശരാശരി രോഗബാധിതരുടെ എണ്ണം കണക്കാക്കുന്നതിനും നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുന്നതും ടി പി ആർ അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ ഇനി മുതൽ വീക്കിലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ എന്ന ഡബ്ല്യുഐപിആർ വിശകലനം ചെയ്തു നിയന്ത്രിത മേഖലകൾ ഏതൊക്കെയെന്നു ജില്ലാ ഭരണകൂടം തീരുമാനിക്കും.
പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി പ്രതിവാര രോഗബാധ നിരക്കിന്റെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും മേഖലകളിലെ രോഗബാധിതരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കണ്ടെയിന്മെന്റ് സോണുകൾ നിർണ്ണയിച്ചു നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒരാഴ്ച്ചയിലെ രോഗബാധിതരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും വീക്കിലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ വിശകലനം ചെയ്തു നിയന്ത്രിത മേഖലകൾ ഏതൊക്കെയാണ് ജില്ലാ ഭരണകൂടം തീരുമാനിക്കും.