കോട്ടയം: വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും ഒബ്‌സര്‍വേഷന്‍ പൂര്‍ത്തിയാക്കാനുമുള്ള സംവിധാനത്തിന് സർക്കാർ അനുമതി നൽകിയതോടെ ജില്ലയിൽ നടത്തിയ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ ട്രയൽ റൺ വിജയകരം.
ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ സാധ്യത പരിധോധിക്കുമെന്നു ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. കോട്ടയം അതിരമ്പുഴ പള്ളിയുടെ സെന്റ്.സെബാസ്റ്റ്യൻ കൺവെൻഷൻ സെന്ററിലാണ് ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയത്.
വാക്സിൻ സ്വീകരിക്കാനായി അധികൃതർ മുൻകൂട്ടി അറിയിച്ചവർ വാഹനത്തിൽ എത്തി രജിസ്റ്റർ ചെയ്ത ശേഷം വാഹനത്തിൽ ഇരുന്നു തന്നെ വാക്സിൻ സ്വീകരിക്കുകയും തുടർന്ന് സ്വന്തം വാഹനത്തിൽ തന്നെ നിരീക്ഷണ സമയം പൂർത്തിയാക്കുകയും ചെയ്തു.
കൃത്യമായ ക്രമീകരണങ്ങളോടെയായിരുന്നു ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ സജീകരിച്ചത്. ഒബ്‌സർവേഷൻ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിരുന്നു.