കോട്ടയം: കോട്ടയത്തിന്റെ ടൂറിസം രംഗത്തിന് പുത്തനുണർവേകുവാൻ അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കുമരകം കോട്ടാത്തോട്ടിൽ കയാക്കിങ് ആരംഭിച്ചു. അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കയാക്കിങ് രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്‌ഘാടനം ചെയ്തു.
ജില്ലയിൽ കോടിമത, ചങ്ങനാശ്ശേരി, കുമരകം എന്നിവിടങ്ങളിൽ കയാക്കിംഗ് ഏർപ്പെടുത്തിക്കൊണ്ടാണ് ടൂറിസം വകുപ്പ് അഡ്വഞ്ചർ ടൂറിസത്തിന് കളമൊരുക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി കുമരകം ശ്രീനാരായണ ജയന്തി ബോട്ട് റെയിസ് ക്ലബ് പവലിയനിലാണ് കയാക്കുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോട്ടയത്തിന്റെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്നു മന്ത്രി വി എൻ വാസവൻ ഉൽഘാടന വേളയിൽ പറഞ്ഞു.
രണ്ടു പേർക്ക് വീതവും ഒറ്റയ്ക്കും കയറാവുന്ന കായാക്കുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വാട്ടർ പോർട്സ് ആക്റ്റിവിറ്റികളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആദ്യ പദ്ധതിയാണ് കുമാരകത്തെത്. 26 കായക്കുകളാണ് ഇപ്പോൾ സഞ്ചാരികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിനാണ് നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്.
പൂർണ്ണമായും സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്നും കായാക്കുകൾ തുഴയുന്നതിനുള്ള പരിശീലനം സ്ഥാപനം നൽകുകയും ചെയ്യും എന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ബിന്ദു നായർ പറഞ്ഞു. ചടങ്ങിൽ കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു.തോമസ് ചാഴികാടൻ എംപി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു.