ഇരുചക്രവാഹന യാത്രികർക്ക് അപകടക്കെണിയൊരുക്കി എരുമേലി-കാഞ്ഞിരപ്പള്ളി പ്രധാന പാതയിലെ കുഴി.


എരുമേലി: ഇരുചക്രവാഹന യാത്രികർക്ക് അപകടക്കെണിയൊരുക്കി എരുമേലി-കാഞ്ഞിരപ്പള്ളി പ്രധാന പാതയിലെ കുഴി. എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്കുള്ള പാതയിൽ കൊരട്ടി പാലത്തിനു മുൻപാണ് അപകടകരമായ കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ പാകിയിരുന്ന ഇന്റർലോക്ക് കട്ടകൾ പൊട്ടിപ്പൊടിയുകയും റോഡും ഇന്റർലോക്കും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലത്തെ ടാറിങ് ഇളകി മാറുകയും ചെയ്തതോടെ വലിയ കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.

 

 വേഗത്തിലെത്തുന്ന ഇരുചക്ര വാഹനങ്ങൾക്കും ചെറു വാഹനങ്ങൾക്കും അപകട ഭീഷണിയുയർത്തുന്ന വിധമാണ് ഇവിടെ കുഴി രൂപപ്പെട്ടിരിക്കുന്നത്. രാത്രിയിലും മഴ പെയ്തു വെള്ളം കെട്ടിക്കിടക്കുന്ന സമയത്തും കുഴി കാണാനാകാതെ ഇരുചക്ര വാഹനങ്ങളുൾപ്പടെ നിരവധി വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനായി സ്ഥാപിക്കും വിധമുള്ള ഒരു ബാരിക്കേഡ് മുന്നറിയിപ്പിനായി സ്ഥാപിച്ചിരുന്നു.

 

 വലിയ വാഹനങ്ങളും ഭാര വാഹനങ്ങളും കടന്നു പോകുമ്പോൾ ബാരിക്കേഡിൽ ഉരസുന്നതിനെ തുടർന്നു പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പകുതിയോളം നശിച്ചിരിക്കുകയാണ്. റോഡിലെ വളവിനോട് ചേർന്നുള്ള സ്ഥലത്താണ് ഈ കുഴിയെന്നതിനാൽ വേഗതയിലെത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കുഴി കാണാനാകുന്നത്.

റോഡ് നിരപ്പിൽ നിന്നും ഇന്റർലോക്ക് താഴ്ന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾ റോഡിലേക്ക് ഇടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിധമാണ് ഇപ്പോഴുള്ള അവസ്ഥ. ഒരു ജീവൻ നിറത്തിൽ പൊലിയുന്നതിനു മുൻപ് അപകടാവസ്ഥയിലായ ഈ ഭാഗം അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെയും ടാക്സി തൊഴിലാളികളുടെയും ആവശ്യം.