എക്സൈസിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവ്: ജില്ലയിൽ അറസ്റ്റിലായത് 113 പേർ.


കോട്ടയം: ഓണക്കാലം മുന്നില്‍ കണ്ടുള്ള വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവയ്ക്കെതിരെ ജൂലൈ 27 മുതൽ കോട്ടയം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ  സ്പെഷ്യല്‍  ഡ്രൈവില്‍ അറസ്റ്റിലായത് 113 പേർ. എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ  മറ്റ് 655 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായും കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എ അശോക് കുമാർ അറിയിച്ചു.  

 

 നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന  നടത്തുകയും പൊതു സ്ഥലത്ത് പുകവലിക്കുകയും ചെയ്തവർക്കെതിരെ  നടപടിയെടുത്തു. പിഴയിനത്തില്‍ 106800 രൂപ ഈടാക്കി.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സുകളും  ജില്ലാ - താലൂക്ക് തല എക്സൈസ് സ്ക്വാഡുകളും  ചേർന്ന് ജില്ലയിലുടനീളം 867 റെയ്ഡുകള്‍ നടത്തി. പോലീസ്, ആർ.പി.എഫ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി ചേർന്ന് 37 റെയ്ഡുകള്‍ നടത്തി. 

 

 ബീവറേജ് ഔട്ട് ലെറ്റുകൾ, ബാറുകൾ, മദ്യം വിതരണം നടത്തുന്ന ക്ലബ്ബുകൾ, ബിയർ ആൻ്റ് വൈൻ പാർലറുകൾ, കള്ളു ഷാപ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ പരിശോധനകള്‍ നടത്തി.  160 ലിറ്റർ വിദേശ മദ്യം, 19 ലിറ്റർ ബിയർ, 670 ലിറ്റർ വാഷ്, 14 ലിറ്റർ ചാരായം, 65 ഗ്രാം ലഹരി ഗുളിക എന്നിവ പിടിച്ചെടുത്തു. 2410 വാഹനങ്ങള്‍ പരിശോധിച്ചു. പത്ത് വാഹനങ്ങൾ പിടിച്ചെടുത്തു. 

മദ്യവും മയക്കുമരുന്നും അനധികൃതമായി നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച  വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസ് ഓഫീസുകളില്‍  അറിയിക്കാം. ഫോണ്‍ നമ്പരുകള്‍ ചുവടെ.

എക്സൈസ് ഡിവിഷന്‍ ഓഫീസ് ആന്‍റ് കണ്‍ട്രോള്‍ റൂം - 0481 -2562211

(ടോള്‍ഫ്രീ നമ്പര്‍ - 1800 425 2818)

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോട്ടയം - 0481 2583091, 9400069508

സര്‍ക്കിള്‍ ഓഫീസുകള്‍: 

ചങ്ങനാശേരി- 0481 2422741, 9400069509  

പൊന്‍കുന്നം- 04828 221412, 9400069510  

പാലാ- 04822 212235, 9400069511  

വൈക്കം- 04829 231592, 9400069512 

സ്പെഷ്യല്‍ സ്‌ക്വാഡ്, കോട്ടയം- 0481 2583801, 9400069506 

അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍, കോട്ടയം-  9496002865