പാലാ: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യഭക്ഷ്യകിറ്റില്‍ ഉണക്ക കപ്പ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി നിവേദനം നൽകി. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കാര്‍ഷിക വിളയാണ് കപ്പ. 4086 കോടി രൂപ വിലവരുന്ന 23,25,700 ടണ്‍ കപ്പയാണ് കേരളത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനം എന്നും അദ്ദേഹം പറഞ്ഞു.
2020 സെപ്റ്റംബറില്‍ കപ്പയ്ക്ക് 12 രൂപ താങ്ങുവില സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരെ സംരക്ഷിക്കാന്‍ ഹോര്‍ട്ടികോര്‍പ്പും പച്ചകപ്പ വാങ്ങി ഉണക്ക കപ്പയാക്കിയിരുന്നു. സൗജന്യ ഭക്ഷ്യ കിറ്റില്‍ അരകിലോ ഉണക്ക കപ്പ ഉള്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നതാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് പിന്നീട് മുടങ്ങിയിരുന്നതായും ജോസ് കെ മാണി പറഞ്ഞു.
ഉണക്ക കപ്പ ഒരു ജനപ്രിയ ഭക്ഷ്യ ഉത്പന്നമായി മാറണം. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ കിറ്റില്‍ ഒരു കിലോ ഉണക്കകപ്പയെങ്കിലും ഉള്‍പ്പെടുത്തിയാലേ സര്‍ക്കാര്‍ നിശ്ചയിച്ച 12 രൂപ താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.