സ്വാതന്ത്ര്യ ദിനാഘോഷം: ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും; ജില്ലാ കളക്ടർ.


കോട്ടയം: ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒൻപതു മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. കോവിഡ് സാഹചര്യത്തില്‍ ആളുകളുടെ എണ്ണം പരമാവധി കുറച്ച് ചടങ്ങു മാത്രമായി സംഘടിപ്പിക്കുവാനും പൊതുജനങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു.

 

 പരമാവധി അഞ്ച് പ്ലറ്റൂണുകള്‍ മാത്രമാണ് പരേഡിൽ അണിനിരക്കുക. സ്റ്റുഡൻ്റ് പോലീസ്, സ്കൗട്ട്സ്, ഗൈഡ്സ്, എൻ.സി.സി എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് പാസ്റ്റ്, കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കില്ല. സേനാംഗങ്ങളേയും ക്ഷണിതാക്കളേയും ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും മുൻപ് തെർമൽ സ്കാനിംഗിന് വിധേയരാക്കും. പ്രഥമ ശുശ്രൂഷാ സൗകര്യം, ഡോക്ടർമാരുടെ സേവനം, ആംബുലൻസ് എന്നിവ ഗ്രൗണ്ടിൽ ഏർപ്പെടുത്തും. ഓൺലൈന്‍ യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ പങ്കെടുത്തു.