സ്വാതന്ത്ര്യ ദിനാഘോഷം: കോട്ടയം ജില്ലയിൽ മന്ത്രി വി.എന്‍ വാസവന്‍ പതാക ഉയര്‍ത്തും.


കോട്ടയം: കോട്ടയം ജില്ലാതല സ്വാതന്ത്യദിനാഘോഷം ഓഗസ്റ്റ് 15ന് രാവിലെ ഒന്‍പതിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും.

 

 കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ചടങ്ങില്‍ പോലീസിന്‍റെ മൂന്നു പ്ലറ്റൂണുകളും വനം വകുപ്പിന്‍റെയും എക്സൈസിന്‍റെയും ഓരോ പ്ലറ്റൂണുകളും മാത്രമാണ് പങ്കെടുക്കുക. മാര്‍ച്ച് പാസ്റ്റ് ഉണ്ടാവില്ല. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അഭിവാദ്യം സ്വീകരിക്കും. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍  പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ആഘോഷത്തില്‍ പരമാവധി നൂറു പേരെ മാത്രമാണ് പങ്കെടുപ്പിക്കുക. സാമൂഹിക അകലവും മാസ്‌കിന്‍റെ ഉപയോഗവും സാനിറ്റൈസേഷനും ഉറപ്പാക്കും. പങ്കെടുക്കുന്ന എല്ലാവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും.