ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ കെ-റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണം; ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്.


ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാരിന്റെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സിൽവർ ലൈൻ പ്രൊജക്റ്റ് കെ-റെയിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരണം ഭദ്രാസനാധിപന്‍ യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാർ കൂറിലോസ്. ചങ്ങനാശ്ശേരി മാമ്മൂട്ടിൽ നടന്ന കെ-റെയിൽ വിരുദ്ധ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 തിരുവനന്തപുരത്തുനിന്നും കുറേ ആളുകൾക്ക് നാലു മണിക്കൂർ കൊണ്ട് കാസർകോട് എത്താൻ കേരളത്തിലെ ഒരുലക്ഷത്തിലധികം മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടി വരിക! ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം അചിന്തനീയമാണ്. ഒരുലക്ഷത്തിലധികം കോടി രൂപയുടെ കടക്കെണിയിലേക്ക് കേരളത്തെ ഈ പദ്ധതി തള്ളിവിടും. ഇതിനകം തന്നെ വലിയ കടക്കെണിയിൽ ആയിരിക്കുന്ന സംസ്ഥാനം ഇതെങ്ങനെ താങ്ങും? ഒരു ലക്ഷത്തിലധികം വരുന്ന ആളുകളെ കുടിയൊഴുപ്പിക്കൽ വേണ്ടിവരുന്ന പ്രകൃതിയുടെ താളത്തിന് വലിയ ആഘാതം ഉണ്ടാക്കുന്ന ഈ പദ്ധതിയാണ് "വികസനം" എങ്കിൽ ഞാൻ വികസനവിരുദ്ധനാണ്. ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെയാണ് ഇത്തരം "വികസന" പദ്ധതികൾ മുന്നോട്ടു വയ്ക്കാൻ കഴിയുക എന്നും ബിഷപ്പ് ചോദിച്ചു. ഡിവൈഎഫ്ഐ ക്കും നമ്മുടെ സാംസ്കാരിക  നേതാക്കൾക്കും (ശാസ്ത്ര സാഹിത്യ പരിഷത്ത്, ആർ വി ജി മേനോൻ, സക്കറിയ തുടങ്ങിയവരെ മറക്കുന്നില്ല ) പുരോഗമന പ്രസ്ഥാനങ്ങൾക്കും ഒന്നും ഈ വിഷയത്തിൽ നിലപാട് ഇല്ലേ എന്നും മാർ കൂറിലോസ് ചോദിച്ചു.  ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ കെ-റയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം ചങ്ങനാശ്ശേരിയിൽ പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പാത കോട്ടയം ഉൾപ്പടെ 11 ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. കോട്ടയം ഉൾപ്പടെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 11 സ്റ്റോപ്പുകളാണുള്ളത്. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു ഈ പദ്ധതി. ഇതിനോടകം തന്നെ ജില്ലയിൽ നിന്നും വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.